Friday, November 6, 2009
കണ്ടു പിടിച്ചേയ് ! (കഥ)
തിണ്ണപ്പടിയിലിരുന്നു വായിക്കുകയായിരുന്ന ഗീതയുടെ പുസ്തകം മുറ്റത്തേക്കു തെറിച്ചു വീണു. പുല്‍ത്തകിടിക്കു അതിരു നില്‍ക്കുന്ന പനിനീര്‍ ചെടികള്‍വകഞ്ഞു മാറ്റി അത്ഭുതത്തിണ്റ്റെ തുറന്ന കണ്ണുകള്‍ മുറ്റത്തേക്കോടിയെത്തി.
"എവിടെ കാണട്ടെ" പുള്ളിപ്പാവാടയില്‍ നിന്നും റോസാമുള്ളു ശ്രദ്ധാപൂര്‍വ്വം മാറ്റുന്നതിനിടയില്‍ ആതിര പറഞ്ഞു.
പനി നീര്‍ ഇതളിണ്റ്റെ ഉള്ളം കൈയില്‍ പച്ച ഓല മടഞ്ഞുണ്ടാക്കിയ ഒരു കൊച്ചു ചതുരക്കട്ട.
"ഇദ് ആണോ ഓല പൂട്ട്?" ധീരജിണ്റ്റെ മുഖം കൂമ്പി.
"ഞാന്‍ വിചാരിച്ചു... "
അനു മോളേ തുടരാന്‍ അനുവദിക്കാതെ ഗീതമ്മായി പറഞ്ഞു. -"ഇനി ആരും ഒന്നും വിചാരിക്കേണ്ടാ. ഇത്തവണയും പൂട്ടു തിരയല്‍ മത്സരത്തില്‍ ദീപുക്കുട്ടനാ ജയിച്ചത്. "
ദീപു മോന്‍ ഗീതമ്മായിയോടു ഒന്നു കൂടെ ചേര്‍ന്നു നിന്നു. മെഡല്‍ വാങ്ങാന്‍ നില്‍ക്കുന്ന കളിക്കാരനെപ്പോലെ.
"എവിട്യാ അദ് കെടന്നീരുന്നത്?" രാധയുടെ സംശയം.
"പറേട്ടേ" ദീപു ഗീതമ്മായിയുടെ സമ്മതത്തിനായി വെമ്പി നിന്നു.
"ങും" ഗീതമ്മായി തലയാട്ടി.
"ദേ, ആ ചട്ടീലെ മുല്ലേടെ ചോട്ടില്‍"
"അദ് എങ്ങിന്യാ നീ കണ്ടേ?" അനൂപിന്‍റെ സംശയം.
"അമ്മായി കാണിച്ചു കൊടുത്തിട്ടുണ്ടാവും" മിഥുനയുടെ മുഖം വീര്‍ത്തു.
അതു കേട്ടതും ഗീതമ്മായി ഉറക്കെ ചോദിച്ചു. -"ഞാന്‍ കാണിച്ചു കൊടുത്തിട്ടുണ്ടാവും ന്ന് തോന്ന്ണുണ്ടോ?"
"ഇല്ല"
മറ്റു കുട്ടികളുടെ സ്വരം മുറ്റവും മതിലും കടന്നു വളര്‍ന്നപ്പോള്‍ അയലത്തുള്ള വീട്ടില്‍ നിന്നും തങ്കപ്പന്‍ നായര്‍ വിളിച്ചു പറഞ്ഞു. -"ഗീതേ, കുട്ടികള്‍ ഒരു പാടു വെളച്ചിലു കാട്ടിയാല്‍ കളി മതിയാക്കി പറഞ്ഞു വിട്ടോളു. "
"വേണ്ടാ..."
കുട്ടികള്‍ ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ തങ്കപ്പന്‍ നായര്‍ കാതു പൊത്തിപ്പിടിച്ച് അയാളുടെ വീട്ടിനകത്തേക്കു തന്നെ കയറിപ്പോയി.
മുറ്റത്തു നിന്നും പുസ്തകം എടുത്തു തിണ്ണയിലിരുന്ന ശേഷം ഗീതമ്മായി ചോദിച്ചു. -"ശരിക്കും ദീപുക്കുട്ടന്‍ എങ്ങിന്യാ അതു കണ്ടു പിടിച്ചത്?"
"ഗീതമ്മായി കാണിച്ചു തന്നതാ"
"ഞാനോ!" ദീപു പറഞ്ഞതു കേട്ട് ഗീത അത്ഭുതപ്പെട്ടുപോയി.
"ങും. അമ്മായി ഇടയ്ക്കു പുസ്തകത്തീന്നു കണ്ണെടുക്കുമ്പോഴൊക്കെ ആ ചട്ടിയിലേക്കു നോക്കുന്നുണ്ടായിരുന്നു"
"എഡാ വെളവാ. ആരെങ്കിലും അങ്ങോട്ടു തിരഞ്ഞു പോകുന്നുണ്ടോ ന്ന് നോക്ക്യേതായിരുന്നു ഞാന്‍."
പിന്നെ എല്ലാവരോടുമായി ഗീതമ്മായി പറഞ്ഞു. -"കണ്ടോ, ദീപുക്കുട്ടനു അന്വേഷിക്കാനുള്ള വാസനയുണ്ട്. കഴിവും. അതുണ്ടെങ്കിലേ എന്തും കണ്ടെത്താന്‍ കഴിയൂ. "
"അടുത്ത തവണ ഞാനാ കണ്ടുപിടിക്യാ. നോക്കിക്കോ. അമ്മായി നോക്കണ ഭാഗത്തേക്കോടി ചെന്നു തിരയും" ധീരജ് പറഞ്ഞു.
"ഞാനിനി ഒളിപ്പിച്ച സ്ഥലത്തേക്കു നോക്ക്വേന്നില്ല്യ"
ഗീതമ്മായി ഇതു പറഞ്ഞതും ആതിര പറഞ്ഞു. -"ന്നാ ഞാന്‍ കണ്ടുപിടിക്കും. അമ്മായി നോക്കാത്ത ദിക്കിലെന്നെ തിരയും"
"ആതിരക്കുട്ട്യേ.. ഞാന്‍ എങ്ങട്ടും നോക്കില്ല. പുസ്തകത്തൂന്നു കണ്ണെടുക്കില്ലാ. "
ഗീതമ്മായി പറഞ്ഞതും രാധ ചോധിച്ചു. -"പുസ്തകത്തിലും ഒളിപ്പിക്ക്യോ?"
"പുസ്തകത്തില്‍ പൂട്ടല്ലാ ഒളിപ്പിക്ക്യാ. താക്കോലാ. "
ഗീതമ്മായി പറഞ്ഞതു മനസിലാവാതെ കുട്ടികള്‍ പരസ്പരം നോക്കി.
"ഇനി താക്കോലാ തിരയേണ്ടത്?" -അയലത്തു നിന്നും അപ്പോള്‍ ഓടിയെത്തിയ കാര്‍ത്തിക ചോദിച്ചു.
"അതെ. ഞാന്‍ പ്ളാവിലയില്‍ നിന്നും ഒരു താക്കോല്‍ രൂപം വെട്ടിയെടുക്കും. അതു ആരാ ആദ്യം കണ്ടുപിടിക്കുക എന്നു നോക്കാം"
"ഏതു നിറത്തിലുള്ള താക്കോലാ?"
"പഴുത്ത പ്ളാവിലേടെ നിറം" ദീപുക്കുട്ടന്‍ പറഞ്ഞതു കേട്ടു ഗീതമ്മായി ചോദിച്ചു - "അതു നിനക്കെങ്ങിന്യാ അറിയാ?"
"ഇലോളൊക്കെ നല്ല ഒയരത്തിലാ. ഗീതമ്മായിക്കു മരം കേറാനും അറീല്ല്യ. അപ്പോ നിലത്തൂന്നു പ്ളാവില പെറുക്കാനല്ലേ പറ്റൂ. നെലത്തു കിടക്കണതൊക്കെ പഴുത്ത ഇലകളാ. "
"കണ്ടോ ഞാന്‍ പറയാതെ തന്നെ ദീപു ക്കുട്ടന്‍ ക്ളു കണ്ടു പിടിച്ചു. നിങ്ങളാരെങ്കിലും ഇങ്ങിനെ ചിന്തിച്ചോ? ഇനി എല്ലാരും അങ്ങോട്ടു തിരിഞ്ഞു കണ്ണടച്ചു നിന്നു അമ്പതു വരെ എണ്ണിക്കോളു. അമ്മായി താക്കോല്‍ ഒളിപ്പിച്ചു കഴിഞ്ഞാല്‍ റെഡീ ന്ന് പറയാം. അപ്പോഴേ കണ്ണു തുറക്കാവൂ"
"ഞങ്ങള്‍ക്കു വേറേം ക്ളു തരണം" കുട്ടികള്‍ ഓരോരുത്തരായി ശബ്ദം വെച്ചു തുടങ്ങി.
"നടുമുറ്റത്തിന്‍റെ ഈ വട്ടത്തില്‍ മാത്രേ താക്കോല്‍ ഒളിപ്പിക്കൂ?"
"അതോ റോസാ ചെടീടെ താഴെ വെക്കോ?"
"ചട്ടീടെ അടീലൊന്നും വെക്കില്ലല്ലോ?"
"മുറ്റത്തെ മണലിലോ അതോ പുല്ലിലോ ഒളിപ്പിക്കാന്‍ പോണത്?"
കുട്ടികളുടെ ചോദ്യങ്ങള്‍ കേട്ടപ്പോള്‍ ഗീതമ്മായിക്കു ദേഷ്യം വന്നു. - "ഇതൊക്കെ പറഞ്ഞിട്ടു പിന്നെന്തിനാ കളിക്കണത്? എല്ലാവര്‍ക്കും ഒരോ താക്കോല്‍ ഉണ്ടാക്കിത്തരാം. പോരേ".
Saturday, September 26, 2009
നിലാ നിഴല്‍ (കഥ)
ചവയ്ക്കാന്‍ കൊള്ളാത്ത പൊട്ടപ്പല്ലും പുലഭ്യം പതയുന്ന തുപ്പലും ചോരയുമൊക്കെ എന്‍റെ കറുത്ത മേലാപ്പിലൊളിപ്പിക്കാന്‍തത്രപ്പെടുകയായിരുന്നു ഞാന്‍. ഒന്നു കുനിഞ്ഞു നിവര്‍ന്ന ചിക്കലി തലവെട്ടിച്ചു കാറി "ബേന്‍ക്കി ലോഡാ, സാലാ, ബൂസഡീക്കാ.. " കവിളിലൂടെ തികട്ടിയൊലിച്ച ചോര പുലഭ്യങ്ങളുടെ ഒഴുക്കു മുറിച്ചു.
തെല്ലകലെ പച്ച വെളിച്ചം കാത്തു കിടന്നിരുന്ന നീലക്കാറിന്‍റെ വാതില്‍ തുറന്ന് ഒരു സര്‍ദാര്‍ പുറത്തേക്കിറങ്ങി. പുച്ഛംകലര്‍ന്ന ക്രൌര്യത്തിന്‍റെ തുണി അഹങ്കാര ചുറ്റലുകളോടെ അയാളുടെ തലയില്‍ ഉണ്ടായിരുന്നു. അതു കണ്ട ചിക്കലി കടലാസു പൊതിയും കക്ഷത്തില്‍ഇറുക്കിപ്പിടിച്ചു പൊള്ളുന്ന നിരത്തിലൂടെ ഓട്ടം തുടങ്ങി. കൂടെ ഞാനും.
തെല്ലു ദൂരം ഓടിയ ചിക്കലി പെട്ടെന്നു തിരിഞ്ഞു നിന്നു. നാലഞ്ചുതെറിത്തുണ്ടുകള്‍ ആട്ടി തുപ്പിയിട്ട് വീണ്ടും അവള്‍ തിരിഞ്ഞു നടന്നു. അവള്‍.. ??
അതെ, വേഷവിധാനം കൊണ്ടു ചിക്കലി അവളാണ്. പക്ഷേ സമൂഹത്തിനുചിക്കലി അവനോ അവളോ അല്ല. മനുഷ്യനും മൃഗവുമല്ലാത്ത വെറും ഒരുഹിജഡ (നപുംസകം). എന്നെപ്പോലെ.
ബീഹാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ദേവ് ലഖന്‍ സിഹ്നയുടേയും കഠോരിദേവിയുടേയും മകളായി ജനിക്കുമ്പോള്‍ അവള്‍ ഭാഗ്യവതിയായിരുന്നു. കാരണം ആ ഗ്രാമത്തിലെ മറ്റു പെണ്‍കുഞ്ഞുങ്ങളില്‍ നിന്നും വ്യത്യസ്തമായി അവള്‍ അച്ഛനമ്മമാരുടെ പഴി തിന്നു കൊണ്ടിരുന്നില്ല. പക്ഷേ നിര്‍ഭാഗ്യം ആഴ്ച്ചകള്‍ക്കുള്ളില്‍ അവളെ കാണാനെത്തി. തുടരെ കൈകൊട്ടിയും ചെണ്ടയടിച്ചും പാട്ടു പാടിയും വെറ്റില മുറുക്കിത്തുപ്പിയും അവരെത്തുമ്പോള്‍ വലി വണ്ടിയുടെ ചക്രങ്ങളിലെ ചളിക്കട്ടകള്‍കുത്തിയിളക്കുകയായിരുന്നു ദേവ് ലഖന്‍. ചിക്കലി മലര്‍ന്നു കിടന്നു തന്‍റെ തളയിട്ട കാലുകള്‍ കൊണ്ടു വായുവില്‍ നൃത്തം ചെയ്തു അവരെവരവേറ്റു.
പക്ഷേ ദേവ് ലഖന്‍ അവരുമായി തര്‍ക്കത്തിലാണ്, കാശ് കുറയ്ക്കാന്‍. വിവാഹം, വീടു വെക്കല്‍, കുഞ്ഞുണ്ടാകല്‍ ഒക്കെ ഹിജഡകള്‍ക്കുഅപൂര്‍വ അവസരങ്ങളാണ്. നക്കാപിച്ചയല്ലാതെ നാലു കാശുണ്ടാക്കാന്‍ കിട്ടുന്നഅസുലഭ സന്ദര്‍ഭങ്ങള്‍. പക്ഷേ ഈയിടെയായി പെണ്‍കുഞ്ഞു ജനിച്ചാല്‍നക്കാപിച്ച പോലും കിട്ടാതാകുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ദേവ് ലഖന്‍റെ സ്ഥിതി കൂടെ അറിയുന്ന അവര്‍ അങ്ങോട്ടു പോകേണ്ടെന്നു കരുതിയതായിരുന്നു. പക്ഷെ ഗ്രാമത്തില്‍ അങ്ങിനെ ഒരു ശീലം ഉണ്ടാകേണ്ട എന്നു കരുതിയാണ് വൈകിയെങ്കിലും അവര്‍ അങ്ങോട്ടു ചെന്നത്.
ഷീറ്റു പൊക്കി ചാളയിലേക്കു കയറിയ ഒരു ഹിജഡ ചിക്കലിയെ പൊക്കിയെടുത്തുപുറത്തു വന്നു.
"ദേഖ് ഇസേ, ചാന്ദ് കീ ട്ടൂക്കഡാ ഹേ. ലചുമി ഹേലചുമി. സച്ച് മേം ഹം പൈസേ കം മാംഗേ. " മൂത്രം നനഞ്ഞ അവളുടെഅരക്കുപ്പായം വലിച്ചഴിക്കുന്നതിനിടയില്‍ ഒരു ഹിജഡ പറഞ്ഞു. പെട്ടെന്നു ഒന്നു പകച്ചുപോയ അവള്‍ മറ്റു ഹിജഡകളെ വിളിച്ചു.
കാശിനുള്ള തര്‍ക്കം പെട്ടെന്നു മറ്റൊരു കാര്യത്തെ ചൊല്ലിയായി. ചീരപ്പാടത്തു നിന്നും ചിക്കലിയുടെ അമ്മ അലമുറയിട്ടു കൊണ്ടു വന്നു. പിന്നാലെ അയല്‍ക്കാരും പഞ്ചായത്ത് പ്രമുഖരും. ദേവ് ലഖന്‍റെ ന്യായ വാദങ്ങള്‍ ഒന്നും ഗ്രാമ മുഖ്യനായ ചൌധരി സാബിനെ ബോധിപ്പിക്കാന്‍ പോന്നതായിരുന്നില്ല.
അന്നാണ് ചിക്കലി മാനം നോക്കിയുള്ള തന്‍റെ നരക യാത്രതുടങ്ങിയത്. വര്‍ഷങ്ങളിലൂടെ ചിക്കലി സിന്‍ഹ ചിക്കലി ബെന്‍ ആയി വളര്‍ന്നു. തല വളരുന്തോറും ചിക്കലി തളര്‍ന്നു. വാസ്തവത്തില്‍ ചിക്കലിയെ ശരിക്കും തളര്‍ത്തിയതു ചവിട്ടിത്തേക്കപ്പെടുന്ന അഭിമാനം എന്തെന്നറിയാന്‍ മാത്രം ബുദ്ധി വളര്‍ന്നതാണ്.
എന്നു വെച്ചു ചിക്കലിക്കു അക്ഷരാഭ്യാസം ഉണ്ടെന്നൊന്നും കരുതരുത്. പെന്‍സിലോപേനയോ മര്യാദക്കു പിടിക്കാന്‍ പോലും അറിഞ്ഞു കൂടാ. അവള്‍ക്കെന്നല്ല അവരുടെ കൂട്ടത്തിലാര്‍ക്കും. അതേസമയം അതൊന്നും അറിഞ്ഞിട്ടും കാര്യമില്ലെന്ന സത്യം അവര്‍ക്കൊക്കെ അറിയുകയും ചെയ്യാം. സെക്സിന്‍റെ വൈകൃതങ്ങളാല്‍ രാപ്പകല്‍ വേട്ടയാടപ്പെടുന്ന അവരെ നോക്കി അപേക്ഷാ ഫോറത്തിലെ സെക്സിന്‍റെ കോളം കൊഞ്ഞനം കുത്തുമ്പോള്‍ അതിലേക്കു എന്തെങ്കിലും കോറിയിടാന്‍ അവര്‍ക്കാവില്ല എന്ന പരമമായ സത്യം. ആ സത്യം കൈകൊട്ടി വിളംബരം ചെയ്തുകൊണ്ട് മരണത്തിന്‍റെ അപമാനക്കുഴിയിലേക്കു നടക്കേണ്ടവര്‍.
അതേ സമയം വിവാഹം കഴിഞ്ഞു പതിറ്റാണ്ടു നീണ്ട ചികിത്സക്കൊടുവില്‍ ഷണ്ഡനെന്ന സര്‍ട്ടിഫിക്കറ്റു വാങ്ങിയ സര്‍ദാറാണു മാന്യതയുടെ അഹങ്കാരംതലയില്‍ കെട്ടി ചിക്കലിയുടെ കവിളടിച്ചു തകര്‍ത്തതിരിക്കുന്നത്. അതുംതന്‍റെ ജന്‍മ സത്യം തുണിപൊക്കി കാണിച്ചു എന്ന കൊച്ചു തെറ്റിന്.
എല്ലാവര്‍ക്കും അവളോടു പുച്ഛമാണു. രാപ്പകല്‍ ഇരന്നു ജീവിക്കുന്നപിച്ചക്കാര്‍ക്കു പോലും. ചിക്കലി ഒരു നപുംസകമായതു കൊണ്ടുമാത്രം. മനുഷ്യരല്ലാത്ത ജീവികള്‍ മാത്രമാണു അവളോടു മാന്യമായിപെരുമാറുന്നതു. അതു കൊണ്ടാവണം ചിക്കലിക്കു എന്നെ വലിയ ഇഷ്ടമാണു. മണിക്കൂറുകളോളം വെയിലത്തിരുന്നു എന്നോടു സംസാരിക്കും. ശകാരിക്കും. പുലഭ്യം പറഞ്ഞു സ്നേഹിക്കും. പക്ഷേ കളി പറയാനും ചിരിക്കാനുംചിക്കലി പഠിച്ചിട്ടില്ല.
എന്നു വെച്ചു ചിക്കലി സന്തോഷിക്കാറില്ല എന്നു ധരിച്ചേക്കരുത്. കവിളത്തു അടി വീഴാത്ത പകലുകളിലും അടിവയറ്റില്‍ ഷൂസുകള്‍ നൃത്തംവെക്കാത്ത രാത്രികളിലും അവള്‍ സന്തോഷിക്കുന്നു. അത്തരം ദിവസങ്ങള്‍വളരെ വിരളമാണെങ്കിലും.
പാതയും പായുന്ന വാഹനങ്ങളും ഇപ്പോള്‍ ഏറെ പിന്നിലായിരിക്കുന്നു. മുന്നിലൊരുചേരിപ്രദേശമാണ്. കണ്ണുകള്‍ അറയ്ക്കുന്ന നഗരത്തിന്‍റെ ഗുഹ്യഭാഗം. പക്ഷേ നിയമ പാലകരുടെ കണ്ണുകള്‍ ആ ഗണത്തില്‍ പെടില്ല. ഏതെങ്കിലും കൊള്ളയോ കവര്‍ച്ചയോ തെളിയാഞ്ഞാല്‍, അതിനായി ഉയരങ്ങളില്‍ നിന്നുസമ്മര്‍ദ്ധമേറിയാല്‍, കാക്കിയുടെ ജീപ്പു ചേരിയിലേക്കു ഇരച്ചെത്തും. തീട്ടപ്പന്നികള്‍ ചിതറിയോടും. ചൂടിക്കട്ടിലുകളിലിരുന്നു ചീട്ടുകളിക്കുന്ന ചെറുപ്പക്കാരും. അതില്‍ ഒന്നു രണ്ടെണ്ണത്തിനെ പിടിച്ചുഅകത്തിട്ടു ജീപ്പു അകലും. പോലീസുകാരുടെ തൊപ്പി രക്ഷിക്കേണ്ടുന്ന ജോലിയുംഅവരുടെ തലയില്‍ വെച്ചു കെട്ടും.
അങ്ങിനെ ഒരു ഉദ്ദേശ്യത്തോടെയാവണം ഇന്നലേയും ഒരു ജീപ്പുചേരിയിലെത്തിയത്. രണ്ടു ഉണക്ക ചപ്പാത്തിയും ഉറുളക്കിഴങ്ങു കറിയും മോഹിച്ചു ആക്രിക്കടയുടെ മേല്‍ക്കൂരയിലിരുന്നു കുപ്പികളും പ്ളാസ്റ്റിക്കുംവേര്‍തിരിക്കുകയായിരുന്നു ചിക്കലി. ജീപ്പിന്‍റെ ശബ്ദം കേട്ടപ്പോള്‍ചിക്കലിക്കൊരു ബുദ്ധി തോന്നി. നേരത്തും കാലത്തും ചുളുവില്‍ ആഹാരം കിട്ടാനുള്ള ഒരു ചളുക്കു ബുദ്ധി.
പെട്ടെന്നു ചിക്കിലി തന്‍റെ കീറക്കുപ്പായവും കെട്ടിവെച്ച നീളന്‍ മുടിയും പറിച്ചെറിഞ്ഞു. ആക്രിക്കടക്കാരന്‍ ഊരിയിട്ടിരുന്ന പാണ്റ്റും കുപ്പായവും അയയില്‍ നിന്നെടുത്തു ഉണങ്ങിയ ദേഹം മറച്ചു. പിന്നെ മേല്‍ക്കൂരയുടെ ഷീറ്റിലൂടെ ഊര്‍ന്നിറങ്ങി ജീപ്പിന്‍റെ വഴിയിലേക്കു ചാടിയോടി. കൂടെ ഞാനും.
പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. കീറത്തുണി ചവറ്റു കൊട്ടയിലേക്കെന്നപോലെ കാക്കിയുടെ ശക്തമായ ഒരു കൈ ചിക്കലിയെ തൂക്കിയെടുത്ത് ജീപ്പിലേക്കിട്ടു.
ജീപ്പിന്‍റെ പിന്നില്‍ തനിക്കു മുന്‍പ് പിടിച്ചിട്ട രണ്ടു പേര്‍ ഇരിക്കുന്നുണ്ട്. ആണ്‍ വേഷത്തില്‍ ചിക്കലിയെ കണ്ടപ്പോള്‍ അവരുടെ കണ്ണുകളിലെ ഭീതി കൌതുകത്തിനു വഴി മാറി. അതിലൊരുത്തന്‍ ശബ്ദം താഴ്ത്തി കളിയാക്കി ചോദിച്ചു.
"തൂ മാ ക്കി ഓര്‍ ജാ രഹേ ക്യാ?"
"ചൌക്കി തേരാ ബാപ്പ് ക്കാ ഹേ ക്യാ?"
"ഫിര്‍ ഭി... ബോല്‍ ക്യാ ബാത്ത്?"
ഒന്നു പരുങ്ങിക്കൊണ്ടു ചിക്കിലി പറഞ്ഞു "ഓ യീ .. ദാല്‍ റോട്ടി.. "
കുലുങ്ങി ചിരിച്ചുകൊണ്ടു അവര്‍ പറഞ്ഞു. "ഓ സബ് ദോ ദിന്‍ രഖേ തബ്ബ്. പഹലേ ത്തോ ഖൂബ് പിഠായി ഹോഗി. "
പെട്ടെന്നു ജീപ്പു നിന്നു. ഹിജഡയുടെ ശബ്ദം ഒന്നേ കേള്‍ക്കേണ്ടു, കാക്കിക്കു പിടികിട്ടും. ഒരു പോലീസുകാരന്‍ ചിക്കലിയുടെ കൊങ്ങക്കു കുത്തിപ്പിടിച്ചു. അടുത്ത നിമിഷം ചിക്കലി പൊടിമണ്ണിന്‍റെ പാതയിലേക്കു കമിഴ്ന്നടിച്ചു വീണു. " ഉരഞ്ഞു പൊട്ടിയ കൈമുട്ടുകള്‍ തുപ്പല്‍ തൊട്ടു തുടച്ചു കൊണ്ട് പാതയോരത്തിരുന്നു. കുടലിനു തിന്നാന്‍ കുടല്‍ പോലും ബാക്കിയാവാതാവുന്ന വിശപ്പില്‍ അവള്‍ പുളഞ്ഞു. അറിയാതെ അവളുടെ കൈകള്‍ പാണ്റ്റിന്‍റെ പോക്കറ്റില്‍ പരതി. ഉപയോഗിച്ച ഉറയും രണ്ടു മുഴുത്ത ബീഡികളും.
തീപ്പെട്ടിക്കായുള്ള ശ്രമങ്ങള്‍ അവസാനിക്കുമ്പോഴേക്കും വഴിവിളക്കുകള്‍ കണ്ണു തുറന്നിരുന്നു. അവയുടെ കണ്ണെത്താത്ത ഒരു മൂലയിലേക്കവള്‍ ഒതുങ്ങി. വിസ്മയ ചുരുളുകള്‍ക്കിടയില്‍ ഒളിച്ചു നിന്ന അമ്മയെ അവള്‍ കണ്ടു. സംസാരിച്ചു. രാവേറെ ചെല്ലുവോളം തര്‍ക്കിച്ചു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ കൊല്ലാഞ്ഞതിന്‍റെ കാരണം ചോദിച്ചു. 'ദൈവ നിശ്ചയമെന്ന' അമ്മയുടെ മറുപടി കേട്ട് അവള്‍ പുലഭ്യങ്ങള്‍ കാറി ചുമച്ചു തുപ്പി.
എന്നിട്ടും ദേഷ്യം അടങ്ങാതെ ലഹരിച്ചുരുളുകള്‍ക്കപ്പുറത്തു ചിരിച്ചു കൊണ്ടു നിന്നിരുന്ന ദൈവത്തെ പാതയിലേക്കു വലിച്ചിട്ടു. നടപ്പാതയില്‍ നഗ്നനാക്കപ്പെട്ട ദൈവം ചിക്കിലിയുടെ മുന്നില്‍ ചൂളി നിന്നു. അതു കണ്ട ചിക്കലി പുകഞ്ഞു കത്തി. "നിനക്കെന്നെ ഒരു കൊടിച്ചിപ്പട്ടിയോ തീട്ടപ്പന്നിയോ ആക്കാമായിരുന്നു. എന്നിട്ടും നീ എനിക്കു വെച്ചു നീട്ടിയ ജന്‍മം... ആണിനും പെണ്ണിനും ദളിതനും എന്തിനു ജന്തു സ്നേഹികള്‍ക്കു പോലും വേണ്ടാത്ത നികൃഷ്ട ജന്‍മം...." സംവാദം എപ്പോഴോ നുഴഞ്ഞെത്തിയ ഉറക്കത്തിന്‍റെ രമ്യതയിലാണ് അവസാനിച്ചത്.
ബോധം കിഴക്കു കണ്ണു തുറക്കുമ്പോള്‍ പാണ്റ്റും ഷര്‍ട്ടും പാതയോരത്തു കിടപ്പുണ്ടായിരുന്നു. അതു ആക്രിക്കടക്കാരനു തിരിച്ചു കൊടുക്കാന്‍ അവള്‍ കീറ കടലാസില്‍ പൊതിഞ്ഞെടുത്തു. അപ്പോഴാണ് അവള്‍ കണ്ടത് തന്‍റെ ദേഹത്തൊരു അയഞ്ഞ കുപ്പായം. രാത്രിയുടെ ദാനം. ആരാണതു കൊടുത്തതു എന്നൊന്നും അവള്‍ക്കു ഓര്‍മ്മയില്ല. ഓര്‍മ്മയിലുള്ളതു ഉണക്ക ചപ്പാത്തി മാത്രമാണ്. അതൊരു തുണ്ടെങ്കിലും കിട്ടിയിരുന്നെങ്കില്‍..
എന്നാല്‍ ഒന്നും ഇരന്നു വാങ്ങാന്‍ ചിക്കലിക്കു ഇഷ്ടമല്ല. അതു കൊണ്ടാണല്ലോ അവള്‍ കൂട്ടരില്‍ നിന്നും ഒറ്റ പെട്ടത്. പിന്നെ ചോദിക്കാനുള്ളതു പണിയാണ്. അതു ചോദിച്ചാല്‍ കിട്ടുന്ന മറുപടികള്‍.. ഓര്‍ത്താല്‍ തന്നെ തുണി പൊക്കി പോകും. പുലഭ്യങ്ങളുടെ അകമ്പടിയില്ലാതെ അതു ചെയ്യാനും അവള്‍ പഠിച്ചിട്ടില്ല.
അത്രയും മതി. മാന്യതയുടെ കുപ്പായങ്ങളില്‍ കറ പുരളാന്‍. പിന്നെ ആ കറ അകറ്റാന്‍ അവളുടെ കവിളത്തലക്കണം. അതു തന്നെയാണു ആ സര്‍ദാറും ചെയ്തത്. അതൊക്കെ ഓര്‍ത്താല്‍ പട്ടിണിയാണ് ഭേദമെന്നു തോന്നും.
പക്ഷേ, വിശപ്പ്?? അതു കടിച്ചു കുടയുന്ന പച്ചക്കുടലിന്‍റെ വേദന. ഏതു ആത്മാഭിമാനവും തല കുനിച്ചു പോകും.
ആ തലയിലേക്കാണ് ആക്രിക്കടക്കാരന്‍ കുടിച്ച ചായയുടെ ബാക്കി കമിഴ്ത്തിയത്. എന്നിട്ടും ചിക്കലി തല കുനിച്ചു തന്നെ നിന്നു. അത്യാവശ്യം ആക്രിപ്പണികളും അതിനു നക്കാപിച്ച കൂലിയും കൊടുക്കാറുള്ള ഒരേയൊരു മനുഷ്യ രൂപമാണ് അയാള്‍. പക്ഷേ താന്‍ ഒന്നു ഉപയോഗിച്ചു എന്ന കാരണം കൊണ്ടു കടലാസു പൊതിയിലെ പാണ്റ്റും ഷര്‍ട്ടും അയാള്‍ ഓടയിലേക്കു വലിച്ചെറിഞ്ഞപ്പോള്‍, അറിയാതെ തന്‍റെ അയഞ്ഞ കുപ്പായത്തില്‍ പിടിച്ച ചിക്കലി ഉള്ളുരുകി ആഗ്രഹിച്ചു, 'പൊക്കാനൊരു തുണിയെങ്കിലും സ്വന്തമായുണ്ടായിരുന്നെങ്കില്‍.. !
എനിക്കു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പറഞ്ഞു, ശേഷിച്ച ആ ബീഡി കൂടെ പുകയ്ക്കാന്‍. ആദ്യമായി ഞാന്‍ സംസാരിക്കുന്നതു കേട്ടു അവള്‍ വിസ്മയത്തോടെ എന്‍റെ കറുത്ത മുഖത്തേക്കു നോക്കി. പിന്നെ ഞാന്‍ പറഞ്ഞതൊക്കെ അപ്പാടെ അനുസരിച്ചു. ഇപ്പോള്‍ അവള്‍ നഗരത്തിലെ ഒരു ബഹുനില കെട്ടിടത്തിന്‍റെ ഉച്ചിയിലെ കൈവരികളില്‍ പിടിച്ചു നില്‍ക്കുകയാണ്. ഒറ്റക്ക്. അല്ല, മുകളില്‍ പൂര്‍ണ്ണ ചന്ദ്രനും തോട്ടടുത്തു ഞാനും. വളരെ യത്നിച്ചാണെങ്കിലും നഗര സുന്ദരിയുടെ തിളങ്ങുന്ന നിശാ വസ്ത്രത്തിലേക്കവള്‍ തൊണ്ട കാറി നീട്ടി തുപ്പി. പിന്നേയും .. പിന്നേയും...
ഒടുവില്‍ തളര്‍ന്നു നിന്ന ചിക്കലിയെ ഞാന്‍ കറുത്ത വായ തുറന്നു ചൊടിപ്പിച്ചു. "തക് ഗയാ ക്യാ?"
"നഹീ.., കബി നഹീ" കൈവരിയില്‍ പിടിച്ചെഴുന്നേറ്റ അവള്‍ നോക്കിയത് താഴെ നിലമഴയില്‍ കിടക്കുന്ന ഒരു നീല കാറിലേക്കാണ്.
അവളുടെ മുഖം ജ്വലിച്ചു. പക്ഷേ എത്ര കാറിയിട്ടും തൊണ്ടയിലൊന്നും കിനിഞ്ഞില്ല. എന്നെ സ്നേഹപൂര്‍വം ഒന്നു നോക്കിയ ശേഷം അവള്‍ കൈവരിയില്‍ നിന്നും താഴേക്കു ചാടി.
എട്ടാം നിലയിലെ താമസക്കാരന്‍ വലിച്ചെറിഞ്ഞ പഴയ ചവിട്ടി പോലെ ജാമുന്‍ മരത്തിന്‍റെ കൊമ്പുകളില്‍ തട്ടിത്തടഞ്ഞു നിലാമഴയില്‍ കിടന്നിരുന്ന നീലക്കാറിന്‍റെ മുകളില്‍ അവള്‍ ചലനമറ്റു വീണു. കൂടെ ഞാനും.
കാറിന്‍റെ പൊട്ടിയ ചില്ലുകളിലേക്കു ചോര പതുക്കെ ചാലിട്ടിറങ്ങി.
മറ്റൊരു കഥ ഇവിടെ വായിക്കാം.
Saturday, August 8, 2009
ജഡം (കഥ)
അന്നു പ്രഭാത സവാരിക്കിറങ്ങിയ നഗരവാസികളെ സ്വാഗതം ചെയ്തതു പുതിയൊരു നാറ്റമാണ്. വല്ലാതെ കുത്തിക്കയറുന്ന രൂക്ഷ ഗന്ധം.
കാറിടിച്ചു തല ചിതറിയ കൊടിച്ചിപ്പട്ടി. ട്രക്കടിച്ചു വയറു പൊളിഞ്ഞ കാള. അല്ലെങ്കില്‍ എരുമ. കുപ്പ തൊട്ടിയിലെ ചാക്കു കെട്ടില്‍ അളിഞ്ഞമരുന്ന ചോരക്കുഞ്ഞ്. വിടര്‍ന്ന മൂക്കുകള്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു "പരിചിതമായ ആ നാറ്റങ്ങളൊന്നുമല്ല".
എങ്കില്‍ പിന്നെ എന്തിന്‍റെ നാറ്റമാണിത്? കൌതുകം കണ്ണു തുറന്നു. അന്വേഷണം കാറ്റിന്‍റെ ഗതികളിലേക്കു മൂക്കു വിടര്‍ത്തി.
ഏറെ ദൂരം പോകേണ്ടി വന്നില്ല. ഉയര്‍ന്ന അപ്പാര്‍ട്ടുമെണ്റ്റുകള്‍ക്കിടയിലെ വീതിയേറിയ പാതയുടെ നടുക്കൊരു വര്‍ണ്ണ മഞ്ചല്‍! ഒരു മുന്തിയ ഇനം കാറിനേക്കാള്‍ മനോഹരമായത്. അടുത്തെത്തിയപ്പോള്‍ മാത്രമാണു വാസ്തവത്തില്‍ അതൊരു കാറല്ല മഞ്ചലാണെന്നു അറിഞ്ഞതു തന്നെ. എന്നിട്ടും അവര്‍ക്കു വിശ്വാസം വരുന്നില്ല. 'നഗരത്തില്‍ ഒരു മഞ്ചലോ!?'
"വല്ല നാടകക്കാരും മറന്നു വെച്ചതാകും. "
"അതിനിവിടെ നാടകമെവിടെ?" പൊളിത്തീന്‍ കവറുകള്‍ കടലാസു പൊതികളെ ആട്ടിയകറ്റിയതു പോലെ കൂട്ടം കൂട്ടമായെത്തിയ സിനിമകളും സീരിയലുകളും നാടകങ്ങളെ കുരച്ചോടിച്ചിട്ടു കാലം ഏറെയായില്ലെ?
ആ മഞ്ചല്‍ അവിടെ എങ്ങിനെ വന്നു എന്നു അറിയില്ലെങ്കിലും അതില്‍ നിന്നാണു ആ നാറ്റം പരക്കുന്നതെന്നു അവിടെ കൂടിയവര്‍ക്കൊക്കെ ഇപ്പോള്‍ അറിയാം. ആകാംഷ അടക്കാനാവാത്ത ചില ധീരന്‍മാര്‍ പതുക്കെ മഞ്ചലിന്‍റെ വാതില്‍ ശീല പതുക്കെ അകറ്റി നോക്കി. അകത്തു മടങ്ങിയൊടിഞ്ഞ ഒരു ജഡം!
ആദ്യം കണ്ടവരോടു പോലീസുകാര്‍ക്കുള്ള പ്രേമത്തെക്കുറിച്ചറിയാവുന്നവര്‍ മുങ്ങി. അല്ലാത്തവര്‍ അവിടവിടെ ചുറ്റിപ്പറ്റി നിന്നു. അവരുടെ വാക്കുകളില്‍, നോട്ടങ്ങളില്‍ ജഡം ഇപ്പോഴും ജീവിച്ചിരിക്കുന്നു.
എല്ലാ കണ്ണുകളിലും ഒരേ ചോദ്യമാണു ഒളിഞ്ഞു നോക്കുന്നത്. 'നല്ല പരിചയമുള്ള മുഖം. എന്നാല്‍ എപ്പോള്‍, അവിടെ വെച്ചു കണ്ടു എന്നു ആര്‍ക്കും ഓര്‍ത്തെടുക്കാന്‍ കഴിയുന്നുമില്ല.
അല്‍പ്പം കഴിഞ്ഞാല്‍ പോലീസു വരും. പോലീസു നായും വരും. വഴിയെ പോകുന്നവനെ ചോദ്യം ചെയ്യല്‍, കണ്ടവനെ വിരട്ടല്‍, വിരലടയാളം, പടമെടുപ്പ് തുടങ്ങി അല്‍പ്പനേരം അവിടെ വട്ടം കറങ്ങും. മണം പിടിക്കുന്ന പട്ടിയും വട്ടം കറങ്ങി ഓടും. പിന്നെ ജഡം പോസ്റ്റ് മോര്‍ട്ടത്തിന്‍റെ ജാഥ നയിച്ചുകൊണ്ട് അപ്രത്യക്ഷമാകും. റിയാലിറ്റി ടീ. വി യില്‍ ക്യാബറേ നര്‍ത്തകിയുടെ സ്വയം വരവും ആദ്യ രാത്രിയും തുടങ്ങേണ്ട നേരമാകുന്നതോടെ നഗരവാസികളും.
അടുത്ത ദിവസത്തെ പത്രത്തില്‍ ഒരു വാര്‍ത്ത. ചിലപ്പോള്‍ ഒരു പരസ്യം. അതിന്‍റെ താഴെ തിരിച്ചറിയുന്നവര്‍ വിളിച്ചറിയിക്കേണ്ട പോലീസിന്‍റെ ഫോണ്‍ നമ്പരും കൊടുത്തെന്നിരിക്കും. കഴിഞ്ഞു. പിന്നെയാ ജഡത്തെ നഗരത്തിരക്കിന്‍റെ തിട്ടയില്‍ വിസ്മൃതിയുടെ കുഴി വെട്ടി മൂടും.
ആരെങ്കിലും തിരിച്ചറിഞ്ഞു ഉച്ചത്തില്‍ അലമുറയിട്ടാല്‍ താല്‍ക്കാലികമയെങ്കിലും ജഡത്തിനൊരു ഉയര്‍ത്തെഴുന്നേല്‍പ്പു ഉണ്ടായേക്കും. കാണാന്‍ കൊള്ളാവുന്ന യുവതിയുടെ ജഡമാണെങ്കില്‍, അന്നു തൊട്ടാണു അതു ജീവിച്ചു തുടങ്ങുക, പത്രത്താളുകളില്‍.
പക്ഷേ ഈ ജഡത്തിന്‍റെ കാര്യത്തില്‍ അങ്ങിനെയൊന്നും ഉണ്ടാകില്ല. കാരണം ഇനി ഒരിക്കല്‍ കൂടെ കണ്ടാല്‍ ജഡം അവിടെക്കൊണ്ടിട്ട ശങ്കറും ശാരിയും പോലും തിരിച്ചറിഞ്ഞെന്നു വരില്ല. മാത്രമല്ല, അവരതു വീണ്ടും കാണാനുള്ള സാദ്ധ്യതയും തീരെയില്ല. കാരണം ജഡം ഉപേക്ഷിച്ച് ഓട്ടം തുടങ്ങിയ അവര്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്.
വാസ്തവത്തില്‍ സോഫ്റ്റ് വേര്‍ എന്‍ജിനിയറുടെ ബൂട്ട് അണിഞ്ഞ നാള്‍ തൊട്ട് ശങ്കര്‍ ഓട്ടത്തിലാണ്. കീശ നിറയെ കാശും ലാപ്പ്ടോപ്പും മൊബേല്‍ ഫോണുകളുമായി മുന്തിയ കാറില്‍ വന്‍നഗരത്തിലൂടെ ഒഴുകി.. ഒഴുകി...
ഏറെ വൈകി വീട്ടിലെത്തിയാലും ഒഴുക്കു തുടരും. ഇന്‍റ്റര്‍ നെറ്റിന്‍റെ ആഴക്കടലുകളിലൂടെ. ചാറ്റിന്‍റെ ദിശക്കൊപ്പം ഒരു പായ്ക്കപ്പല്‍ പോലെ.
അന്നേരമൊക്കെ അയാളുടെ തല ഇടതോട്ടോ വലതോട്ടോ ഒടിഞ്ഞു കിടക്കും. ആ ഒടിഞ്ഞ തലക്കും തോളിനുമിടയ്ക്ക് മൊബേല്‍ ഫോണ്‍ ഇരിപ്പുണ്ടാകും. സംസാരിച്ചു കഴിഞ്ഞാലും ഏറെ നേരം അത് അവിടെ ഇരിക്കും. ഒന്നുകില്‍ ഇടതു കൈയിലെ സാന്‍ഡ് വിച്ച് തീരുന്നതു വരെ. അല്ലെങ്കില്‍ ലാപ്പ് ടോപ്പിലെ ചാര്‍ജു തീര്‍ന്ന് വലതു കൈ കീ ബോര്‍ഡില്‍ നിന്നും മൌസില്‍ നിന്നും സ്വതന്ത്രമാകുന്നതു വരെ.
ഏറെ വൈകാതെ ആ പായ്ക്കപ്പല്‍ ഒരു തുരുത്തില്‍ത്തന്നെ കിടന്നു കറങ്ങിത്തുടങ്ങി. ശാരി.
അറിഞ്ഞു വന്നപ്പോള്‍ അവളും ഒരു സോഫ്റ്റ് വേര്‍ ജോലിക്കാരി. മറ്റൊരു കമ്പനിയിലെങ്കിലും അതേ നഗരത്തില്‍!
സൌഹൃദത്തെക്കുറിച്ചറിഞ്ഞ വീട്ടുകാര്‍ പറഞ്ഞു. "ഒരേ വഴിക്കോടുന്നവരല്ലേ? ഒന്നിച്ചു കൂടെ?"
എപ്പോഴെങ്കിലും സംഭവിക്കുന്നതാണ് അത്ഭുതമെങ്കില്‍ അതുണ്ടായി. ഒന്നിച്ചു ഒരാഴ്ച്ചക്കാലത്തെ അവധി കിട്ടി!
ലക്ഷങ്ങളുടെ വിവാഹം പൊടിപൊടിച്ചു. പക്ഷേ ആഴ്ച്ച തികയുന്നതിനു മുന്‍പ് മൊബേല്‍ താക്കീതുകളെത്തി. ഓഫീസിലേക്കു തിരിച്ചോടാന്‍.
'കൂടുതല്‍ ദൂരം. കൂടുതല്‍ വേഗം. കൂടുതല്‍ ഉയരം.' കമ്പനിയിലെ ഓരോ ദിവസവും ഒരോ ഒളിമ്പിക്സായിരുന്നു. ഇന്‍റ്റര്‍ നെറ്റിലൂടെ ഗര്‍ഭം ഉണ്ടാക്കാന്‍ കഴിയാഞ്ഞതും ഭാഗ്യമായി. ടാര്‍ഗറ്റിലേക്കുള്ള ഓട്ടത്തിനു കുഞ്ഞിക്കാലിന്‍റെ തടസങ്ങളും ഒഴിവായിക്കിട്ടി.
ഏറെ ഓടിയപ്പോഴാണു ശ്രദ്ധയില്‍പ്പെട്ടത്, പലരും അവരെ ചൂണ്ടി അതിശയിക്കുന്നു. അപ്പോഴാണ് അവരും അതു കണ്ടത്. തങ്ങളുടെ തോളിലിരിക്കുന്ന മനോഹരമായ ഒരു മഞ്ചല്‍!
ആയിടെ അല്‍പ്പം തോളു വേദന തോന്നിയിരുന്നെങ്കിലും അതിന്‍റെ കാരണം തിരക്കാന്‍ സമയം കിട്ടിയിരുന്നില്ല. എപ്പോഴാണതു തങ്ങളുടെ തോളില്‍ വന്നതെന്നോ എന്നാണതു ചുമന്നു തുടങ്ങിയതെന്നോ അവര്‍ക്കു അറിയില്ലായിരുന്നു. പക്ഷേ ഒന്നറിയാമായിരുന്നു, അതില്‍ നിന്നും ഒരു ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന്.
രണ്ടു പേര്‍ക്കും ഒന്നിച്ചൊന്നു നില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ താഴെ ഇറക്കി നോക്കാമായിരുന്നു. അകത്തെന്താണെന്ന്. പക്ഷേ ലീവ് എവിടെ കിട്ടാന്‍?
ഏറെക്കാലം കഴിഞ്ഞിട്ടാണെങ്കിലും അത്ഭുതം വീണ്ടും സംഭവിച്ചു. ഒന്നിച്ചു ലീവു കിട്ടി.
മഞ്ചല്‍ പതുക്കെ താഴെ ഇറക്കി തുറന്നപ്പോള്‍ അകത്തൊരു ജഡം. തീര്‍ത്തും അപരിചിതമായത്.
ശങ്കറിന്‍റേയും ശാരിയുടേയും സംശയക്കണ്ണുകള്‍ നേര്‍ക്കു നേര്‍ വന്നപ്പോഴേക്കും അവരുടെ മൊബേല്‍ ഫോണുകള്‍ പാടിത്തുടങ്ങി. മഞ്ചല്‍ അവിടെ കളഞ്ഞ് വീണ്ടും അവരോടി, എതിര്‍ ദിശകളിലേക്ക്.
Saturday, May 30, 2009
സെഡക്ഷന്‍
അന്തിക്കള്ളിന്‍റെ പ്രസരിപ്പുള്ള കിഴക്കന്‍ മഴ പോലെയാണവള്‍ വന്നെത്താറ്. നനഞ്ഞ മണ്ണിന്‍റെ കാലു തുടയ്ക്കാന്‍ പോലും നില്‍ക്കാതെ നേരെ കിടപ്പുമുറിയിലേക്ക്. അതോടെ രാത്രിയുടെ ശരീരത്തിനു തീ പിടിക്കും. കടല്‍ വെള്ളം തുള്ളിത്തുടിച്ചുയരും. പെയ്തിറങ്ങുന്നതു വരെ. പിന്നെ രാത്രിമഴയുടെ മരണം പോലെ നിശ്ചലമാകുന്ന മയക്കം. അതിലേക്കു കണ്‍തുറക്കുന്ന പൂര്‍ണ്ണ ചന്ദ്രന്‍...
ആ ക്യാന്‍വാസിലേക്കു നോക്കി അങ്ങിനെ കിടക്കുമ്പോള്‍ ശരത് കൃഷ്ണന്‍റെ മനസിലേക്കു കാട്ടുമുല്ലകളുടെ നനഞ്ഞ മണം പടര്‍ന്നു കയറും. പൊടിമണ്ണിന്‍റെ ലഹരിയും. പക്ഷേ, ആ ശബ്ദം....
"കൃഷ്ണാ, നീ മിറ്റത്തൂന്ന് കേറി വരുണുണ്ടോ ഇങ്കട്? പുതു മഴയാ. പാമ്പുകള് പെഞ്ഞലാടാന്‍ പുറത്തിറങ്ങണ സമയം." കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പുതുമഴയായി മനസിലെത്തിയ വാക്കുകള്‍. ഓരോ തുള്ളിയിലും സ്നേഹാമൃത് നിറഞ്ഞ പുതുമഴ.
വിജൃംഭിതമായ മേഘങ്ങള്‍ വന്യമായി പൊട്ടിച്ചിതറുന്നതിന്‍റെ മുഴക്കവും വെളിച്ചത്തിന്‍റെ പൂര്‍ണ്ണനഗ്ന പ്രദര്‍ശനവും. വെളിച്ചമൊളിച്ചപ്പോഴേക്കും ബള്‍ബുകളും ഇരുട്ട് വിഴുങ്ങിയിരുന്നു. മെഴുകു തിരിയുടെ തലയിലൊരു പൊന്‍മൊട്ടു വെച്ച് കുത്തി നിര്‍ത്തി. തുള്ളിപൊട്ടുന്ന ലാവയില്‍ വേരുറയ്ക്കുന്ന പൂമൊട്ട്. അതിന്‍റെ ചുംബനത്താല്‍ ഒളിവെട്ടുന്ന ക്യാന്‍വാസിലെ നിഗൂഢ മന്ദസ്മിതങ്ങള്‍. ജനല്‍പ്പാളികളില്‍ കാറ്റിന്‍റെ താളാത്മകമായ ഹൃദയമിടിപ്പ്. മുട്ടപ്പെടുന്ന വാതിനിലുള്ളിലെ ഔത്സുക്യം.
പതുക്കെ വാതില്‍ പാളി തുറന്നപ്പോള്‍ നീലിമയുടെ ആഴക്കണ്ണ് യാചിച്ചു, "അകത്തേക്കു വന്നോട്ടെ". മൌനസമ്മതത്തിലേക്കാര്‍ത്തലച്ചു തള്ളിക്കയറി, കുളിര്‍മഴ പോലെ. കാട്ടുമുല്ലപ്പൂവിന്‍റെ മണം നിറഞ്ഞ തുള്ളികളെങ്ങും തുടിച്ചു തുള്ളി. മഴയുടെ മണം. കാട്ടുമുല്ലയുടെ സ്പര്‍ശം. അണയ്ക്കാനാവാത്ത മനസിന്‍റെ ഉന്‍മത്തത. ഒതുങ്ങിക്കുടുന്നതിനുമുന്‍പ് തുള്ളിത്തിമിര്‍ക്കാന്‍ വെമ്പുന്ന ഉടലാഴക്കടലിലെ പേരാച്ചി മഴ.
മറ്റൊരു ഇടി. മിന്നല്‍. മേഘങ്ങളില്‍ മൂര്‍ത്തമായിരുന്ന മഴയാകെ പുഴയായൊഴിഞ്ഞു. നെടുവീര്‍പ്പിന്‍റെ തുണ്ടുകാറ്റുകള്‍ ക്യാന്‍വാസിന്‍റെ ഇരുളിലുറങ്ങി. ശരത്കൃഷ്ണന്‍ മഴയൊഴിഞ്ഞ മുറ്റത്തിന്‍റെ മടിയിലും.
Saturday, March 7, 2009
നല്ലതു ചെയ്താല്‍ നല്ലതേ വരൂ (കഥ)
മണിക്കൂറൊന്നായി തിരയാന്‍ തുടങ്ങിയിട്ട്. ഇനിയും ആ ഫയലു കണ്‍വെട്ടത്തു വന്നിട്ടില്ല. ഈ ഓഫീസിന്‍റെ പ്രധാന പ്രത്യേകതയും ഇതു തന്നെ. തിരയുന്നതു മാത്രം കിട്ടില്ല.
ഇവിടുത്തെ മാനേജര്‍ മാരുടെ അതേ സ്വഭാവമാണ് ഫോണിനും. ഒരു പണിക്കും സമ്മതിക്കില്ല. ഫയലു കിട്ടിയില്ലെങ്കിലും കാതിനല്‍പ്പം സ്വൈരം കിട്ടുമല്ലോ. ഫോണെടുത്തേക്കാം. "ഹലോ"
"ചേട്ടാ, വീട്ടില്‍ കള്ളന്‍ കയറി അലമാറയില്‍ വെച്ചിരുന്ന കാശു മൊത്തം എടുത്തോണ്ടു പോയി. " "ങേ! വീടും തുറന്നിട്ട് നീ എവിടെ തിണ്ണ നിരങ്ങാന്‍ പോയിരുന്നെടീ. ഞാനിതാ വരുണൂ"
പിന്നെ ഓഫീസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.
കൈ കാണിക്കുന്ന ഓട്ടോയിലൊക്കെ യാത്രക്കാരുണ്ട്. അടുത്തു ഒരു ഓട്ടോ സ്റ്റാന്‍ഡ് പോലും ഇല്ല. നാശം. അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതിനിടയില്‍ ഒരു ഓട്ടോ മുന്നില്‍ വന്നു നിന്നു.
"എങ്ങോട്ടാ?"
"വീട്ടിലേക്ക്. കത്തിച്ചു വിട്ടോ"
"അത് എവിടാന്നാ ചോദിച്ചത്?"
"അരിക്കാരാ സ്ട്രീറ്റ്. നമ്പര്‍ ഒമ്പത്" ഓട്ടോ കുലുങ്ങി ഓടി.
തല ശരിക്കു പ്രവര്‍ത്തിക്കുന്നില്ല. എന്താ ചെയ്യേണ്ടത് എന്നു ഒരു പിടിയുമില്ല. ഒന്നര ലക്ഷം രൂപ. ഭാര്യയുടെ ഹൃദയത്തിന്‍റെ വാള്‍വിലെ ഓട്ട അടയ്ക്കാന്‍ വേണ്ടി കഷ്ടപ്പെട്ടു സംഘടിപ്പിച്ചത്. അതു നഷ്ടമായാല്‍... പണയം വെക്കാന്‍ ഇനി ഒരു മോതിരം പോലും ബാക്കിയില്ല. ദൈവമേ എന്തു ചെയ്യും? ഓടുന്ന ഓട്ടോയിലിരുന്നിട്ടും വിയര്‍ത്തൊലിക്കുന്നു. വല്ലാത്ത ദാഹം.
"സാറെ എന്തെങ്കിലും പ്രശ്നം?" ഡ്രൈവര്‍ കണ്ണാടിയിലൂടെ തന്നെ ശ്രദ്ധിക്കുന്നുണ്ട്.
"ഹേയ്, ഒന്നുമില്ല നീ വിട്ടോ”
"അല്ല, എന്തെങ്കിലും സഹായം വേണമെങ്കില്‍.... "
'ഒന്നും വേണ്ട' എന്നു പറയാനാണ് വായ തുറന്നത്. പക്ഷേ പറഞ്ഞു പോയത് "അല്‍പ്പം വെള്ളം കിട്ടുമോ?" എന്നായിരുന്നു.
"ഉണ്ടല്ലോ. ആ സീറ്റിനു പിന്നിലൊരു പ്ളാസ്റ്റിക് ബോട്ടിലില്‍ക്കാണും. "
ശരിയാണ് ഒരു നരച്ച പ്ളാസ്റ്റിക് ബോട്ടിലില്‍ പാതിയോളം വെള്ളം കുലുങ്ങി കളിക്കുന്നു. എടുത്തപ്പോഴേ അതു കൈയിലൊട്ടി. അടപ്പു തുറന്നപ്പോള്‍ ഗ്രീസിന്‍റേയും തുരുമ്പിന്‍റേയുമൊക്കെ ഗന്ധം. എന്തായാലും ഒരു കവിള്‍ കുടിക്കാതെ വയ്യ.
പെട്ടെന്നു ഡ്രൈവര്‍ ബ്രേക്കു ചെയ്തുകൊണ്ട് പറഞ്ഞു. "സാറെ ഒന്നു തന്നേ". നീട്ടുന്നതിനു മുന്‍പേ അയാള്‍ ബോട്ടില്‍ വാങ്ങി വെള്ളം പുറത്തേക്കു കമിഴ്ത്തിക്കളഞ്ഞു.
"എന്താ അതു നല്ല വെള്ളം ആയിരുന്നില്ലേ?"
"ങാ, അങ്ങിനെ കരുതുന്നതാ നല്ലത്. "
"മനസിലായില്ല. പിന്നെന്തിനാ അതു തന്നത്?"
"എന്‍റെ പുതിയ തീരുമാനം ഒരു നിമിഷത്തേക്കു മറന്നു പോയതുകൊണ്ടാ സാറെ. "
"പുതിയ തീരുമാനമോ?"
"അതെ, എല്ലാവരേയും കണ്ണടച്ചു സഹായിക്കുന്ന ഒരു ദുശ്ശീലം എനിക്കുണ്ടായിരുന്നു സാറെ. എന്നാല്‍ എന്‍റെ പുതിയ തീരുമാനം ആരേയും ഒരിക്കലും ഒരു തരത്തിലും സഹായിക്കില്ല എന്നതാണ്. അതു പെട്ടെന്നു ഓര്‍ത്തതു കൊണ്ടാ വെള്ളം കമിഴ്ത്തിയത്. ഇതു കുടിച്ച് ഇനി... വേണ്ട"
"നിനക്കെന്തിന്‍റെ വട്ടാ?"
"വട്ടു പിടിക്കാതിരിക്കാനാ സാറെ." ചുവന്ന സിഗ്നലില്‍ ഓട്ടോ നിര്‍ത്തി അവന്‍ തിരിഞ്ഞിരുന്ന് തുടര്‍ന്നു. "കുറച്ചു കാലം ഞാന്‍ സ്ക്കൂളിലൊക്കെ പഠിച്ചിട്ടുണ്ടായിരുന്നു. ഒരിക്കല്‍ എന്തോ കുസൃതി കാണിച്ചതിനു ടീച്ചര്‍ എനിക്കു തന്ന ശിക്ഷ 'നല്ലതു ചെയ്താല്‍ നല്ലതേ വരൂ' എന്നു നൂറു തവണ എഴുതിക്കൊണ്ടു വരാനായിരുന്നു. ഞാനത് എഴുതിയത് എന്‍റെ മനസിലായിരുന്നു. പിന്നീട് അതിനുള്ള ശിക്ഷ ഏറെ അനുഭവിച്ചു. ഒടുവില്‍ കഴിഞ്ഞ മാസം ജയിലില്‍ നിന്നും ഇറങ്ങുമ്പോള്‍ തീരുമാനിച്ചു ആ വരി മനസില്‍ നിന്നും എന്നേക്കുമായി മായ്ച്ചു കളയാന്‍. മേലില്‍ ഒരു നല്ല കാര്യവും ചെയ്യില്ലെന്നും".
പച്ച വെളിച്ചം തെളിഞ്ഞു. ഓട്ടോ വീണ്ടും കുലുങ്ങിയോടി.
"എന്തിനാ ജയിലില്‍ പോയത്?"
"കളവു കേസില്‍, ആറു മാസത്തിന്"
"അപ്പോള്‍ അതാണു പണി. പകല്‍ ഓട്ടം. രാത്രി കളവ്. "
"കട്ടിരുന്നെങ്കില്‍ സങ്കടമെന്തിന്? കട്ടത് കൈയിലുണ്ടെന്നു സമാധാനിക്കാമാല്ലോ. അതുകൊണ്ട് അന്നു തീരുമാനിച്ചതായിരുന്നു ഒന്നര ലക്ഷം രൂപാ കട്ടിട്ടേ ഇനി കാര്യമുള്ളൂ എന്ന്".
അതു കേട്ട പാടെ ഉള്ളൊന്നു ഞെട്ടി
"സാറെന്താ ഞെട്ടിയത്?" ഡ്രൈവര്‍ മുന്നിലെ കണ്ണാടിയിലൂടെ തന്നെ ശ്രദ്ധിച്ചാണു സംസാരിക്കുന്നത്.
"നിങ്ങള്‍ കട്ടില്ലെങ്കില്‍ പിന്നെ... ? തെളിവില്ലാതെ കോടതി ശിക്ഷിക്കില്ലല്ലോ?"
"തെളിവൊക്കെ ഉണ്ടായിരുന്നു സാറെ." ഒന്നു നിര്‍ത്തിയിട്ട് അവന്‍ തുടര്‍ന്നു.
"ഓട്ടം കഴിഞ്ഞ് രാത്രി വീട്ടിലേക്കു പോണ വഴി. റോഡിലൊരു സ്ക്കൂട്ടര്‍ മറിഞ്ഞു കിടക്കുന്നു. തൊട്ടടുത്തു തന്നെ ഒരാളും. ചെയ്ത ഉപകാരങ്ങളൊക്കെ കുരിശായ ചരിത്രമാണെങ്കിലും മനസിലൊരു വലി. നൂറു തവണ എഴുതി ഉറച്ചതല്ലേ. ഇറങ്ങി നോക്കി. നെറ്റി പൊട്ടി ചോര ഒലിക്കുന്നുണ്ട്. ഷര്‍ട്ടിലെ ചോര കണ്ടാല്‍ അറിയാം ദേഹത്തും മുറിവുകളുണ്ടെന്ന്. വിജനമായ സ്ഥലം. രാവിലെ വരെ അവിടെ കിടന്നാല്‍ മരിച്ചു പോകുമെന്നുറപ്പ്. പതുക്കെ പൊക്കിയെടുത്ത് ഓട്ടോയിട്ടു. തെറിച്ചു വീണു കിടക്കുന്ന ബാഗും. നേരെ ആശുപത്രിയിലേക്കു വിട്ടു. ഡോക്ടര്‍ എന്തൊക്കേയോ മരുന്നു കുറിച്ചു തന്നു. ഓടി കിട്ടിയ കാശിനു അതും വാങ്ങി വരുമ്പോള്‍ പോലീസെത്തിയിരുന്നു.
കക്ഷിക്കു ബോധം വീണിരുന്നു. പുറകില്‍ നിന്നും വന്ന ഒട്ടോറിക്ഷ ഇടിച്ചു വീഴ്ത്തിയെന്നും പിന്നെ വെള്ള ടൌവല്‍ മുഖത്തു കെട്ടിയ ഒരുത്തന്‍ ഇറങ്ങി വന്ന് കമ്പിവടികൊണ്ടു തലയ്ക്കടിച്ചു ബാഗ് പിടിച്ചു പറിച്ച് അതേ ഓട്ടോയില്‍ കയറി പോയെന്നും അവന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു പേടിക്കേണ്ട, ബാഗ് കിട്ടിയിട്ടുണ്ട്.
പക്ഷേ ബാഗ് തുറന്നിട്ട് അവന്‍ എന്നോടൊരു ചോദ്യം. 'ഇതിലെ ഒന്നര ലക്ഷം രൂപാ എവിടെ?'
ചുറ്റുമുണ്ടായിരുന്ന പോലീസുകാരുടെ മട്ടും ഭാവവും മാറുന്നത് ഞാനറിഞ്ഞു. ഇടിച്ച ഓട്ടോറിക്ഷയുടെ നമ്പര്‍ അവന്‍ ഓര്‍ത്തു പറഞ്ഞപ്പോള്‍ എന്‍റെ തല കറങ്ങി. അവനെ എടുത്ത് വണ്ടിയിലിട്ട ശേഷം ഉപയോഗിച്ചതുകൊണ്ടാവണം, എന്‍റെ പോക്കറ്റില്‍ കിടന്ന വെളുത്ത ടൌവലില്‍ രക്തവും പുരണ്ടിരുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ ഇടികളുടെ ഘോഷയാത്രകളായിരുന്നു എന്‍റെ ദേഹത്ത്. കട്ടെടുത്ത ഒന്നരലക്ഷത്തിന്‍റെ പാതിയെങ്കിലും തരാമെങ്കില്‍ തുമ്പില്ലാക്കേസാക്കി ഊരിവിടാമെന്നു ഇന്‍സ്പെക്ട്രര്‍ പറഞ്ഞപ്പോള്‍ എന്‍റെ മനസില്‍ ഒരുപാട് കള്ളന്‍മാരുടെ മുഖങ്ങള്‍ തെളിയുന്നുണ്ടായിരുന്നു.
തന്‍റെ ഓട്ടോയുടെ നമ്പര്‍ ഒട്ടിച്ചു ഈ പണി ഒപ്പിച്ച വിരുതനായ കള്ളന്‍.
ഓട്ടോയില്‍ നിന്നും ബാഗുമെടുത്ത് ആശുപത്രിയിലേക്കു വന്ന പോലീസുകാരന്‍.
കമ്പനിയുടെ കാശ് കക്കാന്‍ കപടനാടകം കളിച്ച യാത്രക്കാരന്‍.
പക്ഷേ കോടതിയില്‍ തെളിവുകള്‍ വിളിച്ചു പറഞ്ഞ കള്ളന്‍ ഞാനായിരുന്നു. ഒരുപാട് ദുരിതം അനുഭവിച്ചു സാറെ, ഒരുപാട്. എന്‍റെ പെണ്ണ് വീട്ടുവേലക്കു പോയതു കൊണ്ടാ രണ്ടു പിള്ളേരും കഞ്ഞികുടിച്ചു കിടന്നത്. അതിനു അവള്‍ക്കും കിട്ടി വേണ്ടുവോളം ചീത്തപ്പേര്.
എന്നാലും അവളിപ്പോഴും പറയുന്നത് നല്ലതു ചെയ്താല്‍ ആണ്ടവന്‍ കൈവിടില്ലെന്നാണ്. എന്‍റെ പേരു അതായതുകൊണ്ടല്ലാ കേട്ടോ.”
പെട്ടെന്നു മൊബൈല്‍ ഫോണ്‍ കീശയില്‍ കിടന്നു തുള്ളിത്തുടങ്ങി. ഓഫീസില്‍ നിന്നു മാനേജറാണ്. ഇയാളോട് ഇനി എന്താ പറയുക? "സോറി സാര്‍, ആ ഫയല്‍ കമ്പ്ളീറ്റ് ആയില്ല. നാളെ തരാം സാര്‍. വീട്ടിലൊരു അത്യാവശ്യം. ഇന്നു ഹാഫ് ഡേ അവധിയിലാ. "
മൊബൈല്‍ ഓഫ് ചെയ്യുമ്പോള്‍ ഓര്‍ത്തു. വല്ലാത്ത മറവി തന്നെ. ഇറങ്ങി ഓടുമ്പോള്‍ ഓഫീസില്‍ ആരോടും ഒന്നു പറഞ്ഞതു പോലുമില്ല. ഇപ്പോള്‍ ഇതാ കള്ളന്‍ കയറിയ കാര്യവും. അതുകൊണ്ടാണല്ലോ കണ്ട ആണ്ടവന്‍റെ പരിദേവനങ്ങള്‍ കേട്ടിങ്ങനെ ഇരിക്കുന്നത്. ഇനി കാശു എങ്ങോട്ടെങ്കിലും മാറ്റി വെച്ചിട്ടുണ്ടോ? ഇല്ല, പ്രോവിഡണ്ട് ഫണ്ടിന്‍റെ ലോണ്‍ കൂടെ ചേര്‍ത്തി ഒന്നര ലക്ഷം തികച്ച് എണ്ണിവെച്ചതു അലമാറയില്‍ തന്നെയാണ്.
"സാറെ അരിക്കാര സ്ട്രീറ്റ് നമ്പര്‍ ഒമ്പത്" ഡ്രൈവര്‍ ഒട്ടോ ഒതുക്കി നിര്‍ത്തി.
ഓട്ടോ പറഞ്ഞുവിട്ട് വീട്ടിലേക്കു കയറുമ്പോള്‍ അത്ഭുതപ്പെട്ടു പോയി. ഇത്രയധികം വീട്ടമ്മമാര്‍ ആ മേഖലയിലുണ്ടെന്നു ഒരു ഊഹം പോലുമില്ലായിരുന്നു. മോഷണം പോയതെന്ത് എന്നറിയാന്‍ മോഷണം പോകാത്ത വസ്തുക്കള്‍ പരിശോധിക്കുകയാണ് അവര്‍. വഴി ഒതുങ്ങാതെ നിന്നിരുന്ന അവരെ തട്ടാതെയും മുട്ടാതെയും ഒരുവിധം വീട്ടിനകത്തെത്തി. തന്നെ കണ്ടതും ഭാര്യ പറഞ്ഞു. "ചേട്ടാ ഞാന്‍ ഔസേപ്പിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. പുള്ളി ഉടന്‍ പോലീസുമായി ഇങ്ങെത്തും. "
ഭാര്യക്കു തന്നേക്കാള്‍ പ്രായോഗിക ബുദ്ധി ഉണ്ട്. കുടുംബ സുഹൃത്തായി അങ്ങിനെ ഒരു പോലീസുകാരന്‍ ഉണ്ടെന്നു പോലും തനിക്കു ഓര്‍മ്മയില്ലായിരുന്നു.
പോലീസെന്നു കേട്ടതോടെ അയല്‍പക്കങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു തുടങ്ങി. പക്ഷേ അവര്‍ മുഴുവന്‍ കൊഴിയുന്നതിനു മുമ്പേ പോലീസിനേയും കൊണ്ട് ഔസേപ്പെത്തി.
ജന സമുദ്രം കയറി നിരങ്ങിയതുകൊണ്ട് ഇനി വിരലടയാളത്തിനു സ്ക്കോപ്പ് ഇല്ലെന്നു പോലീസുകാരന്‍ പറഞ്ഞു. ആദ്യമായിട്ടല്ലല്ലോ അവര്‍ ഒരു കളവു കേസ് ഡീല്‍ ചെയ്യുന്നത്.
"എപ്പഴാ സംഭവം?" പോലീസ് ചോദ്യം വന്നു.
ഞാന്‍ ഭാര്യയെ നോക്കി. ഒന്നാലോചിച്ച് അവള്‍ പറഞ്ഞു. "പത്തരമണിയോടെ ഞാന്‍ അപ്പുറത്തെ ലോലിതയുടെ വീട്ടില്‍ ഒന്നു ചെന്നിരുന്നു. പതിനൊന്നു മണിക്കു തിരിച്ചെത്തുകയും ചെയ്തു. "
"എന്നിട്ടെന്താ അപ്പോള്‍ ആരേയും അറിയിക്കാതിരുന്നത്?"
"അപ്പോള്‍ അറിയില്ലായിരുന്നു, കള്ളന്‍ കടന്നത്. വീടൊക്കെ അടച്ചിട്ട പോലെ തന്നെ കിടന്നിരുന്നു. ഞാന്‍ കുറെനേരം ടിവി കണ്ടു. പിന്നെ അടുക്കളയിലേക്കു ചെന്നു. കറിക്കു ഇടാന്‍ നോക്കുമ്പോള്‍ ഉപ്പില്ല. അതു വാങ്ങാന്‍ വേണ്ടി കാശെടുക്കാന്‍ ചെന്നപ്പോള്‍ അലമാറയില്‍ കാശില്ല!"
"അലമാറ പൂട്ടിയിരുന്നോ?"
"പൂട്ടി താക്കോലു ടിവിക്കു മുകളില്‍ വെച്ചിരുന്നു"
"വീടു പൂട്ടിയിട്ട് താക്കോല്‍ എവിടാ വെച്ചിരുന്നത്?"
ഒന്നു പരുങ്ങിയ ശേഷം ഭാര്യ ബ്ളൌസിലേക്കു വിരല്‍ ചൂണ്ടി.
"അപ്പഴ് കള്ളനെ പിടികിട്ടി." ഔസേപ്പിന്‍റെ അനൌണ്‍സുമെണ്റ്റ് കേട്ട് ബാക്കിയുള്ളവരുടെ കണ്ണു തള്ളിപ്പോയി. പോലീസുകാരന്‍ വിക്രമാദിത്യ കഥയിലെ വേതാള ചോദ്യം കേട്ടപോലെ കണ്ണും തുറിച്ചിരിക്കുമ്പോള്‍ ഔസേപ്പു തുടര്‍ന്നു. "അതിരിക്കട്ടെ, വീട്ടിനു മറ്റൊരു താക്കോലുണ്ടായിരുന്നോ?"
"അതു കാണാതായിട്ട് കുറേയായി. "
"ഇപ്പഴ് കാര്യം ക്ളിയറ്. ആ താക്കോല്‍ നഷ്ടപ്പെട്ടതല്ല, കളവു പോയതാണ്. അതുകൊണ്ട് വാതില്‍ തുറന്നു അകത്തു കയറിയ കള്ളന്‍ അല്ലെങ്കില്‍ കള്ളി ടി.വി യുടെ മുകളില്‍ നിന്നും താക്കോല്‍ എടുത്ത് അലമാറ തുറന്ന് രൂപാ എടുക്കുന്നു. പിന്നെ എല്ലാം പഴയ പടി പൂട്ടി പുറത്തിറങ്ങുന്നു. നിങ്ങളോളം വീടു പരിചയമുള്ള ആ കള്ളി നിങ്ങളുടെ ആ വേലക്കാരി തന്നെ. "
ഔസേപ്പിന്‍റെ നിഗമനത്തിനു യുക്തിയുണ്ട്, പക്ഷേ..
"അവള്‍ വേലക്കാരി അല്ല. അസുഖം കൂടുതലായി എഴുന്നേല്‍ക്കാന്‍ പോലും വയ്യാതായപ്പോള്‍ ഭാര്യയെ പരിചരിക്കാനും കുട്ടിയെ നോക്കാനുമൊക്കെ ഒന്നു രണ്ടു ദിവസത്തിനായി അയല്‍പക്കത്തെ വേലക്കാരി കൊണ്ടുവന്നതായിരുന്നു അവളെ. പിന്നെ ഞങ്ങളുടെ അവസ്ഥ കണ്ട് കുറച്ചു ദിവസം കൂടെ സഹായിക്കാന്‍ വന്നിരുന്നു അവള്‍. ഇപ്പോള്‍ ഭാര്യയുടെ അസുഖം കുറേ മാറിയതുകൊണ്ട് അവള്‍ വരുന്നുമില്ല." ഞാന്‍ പറഞ്ഞു.
"അവള് തന്നെ കക്ഷി. പണി ചെയ്യുന്ന വീട്ടില്‍ കളവു നടന്നാല്‍ പോലീസിന്‍റെ ചോദ്യങ്ങള്‍ക്കു ഉത്തരം പറയേണ്ടി വരും. അതുകൊണ്ട് ഇവറ്റകളൊക്കെ പണി വിട്ട ശേഷമാ ഈ പണിക്ക് ഇറങ്ങാറ്. എവിടാ അവളുടെ വീട്?"
"അറിഞ്ഞുകൂടാ. ദൂരെ എവിടെയോ നിന്നു ബസിലാണു അവള്‍ വന്നിരുന്നത്. ഇല്ല, അവള്‍ അങ്ങിനെ ചെയ്യില്ല. നല്ല സ്വഭാവമാണ്. ബസ് സമരം ഉള്ള ദിവസങ്ങളില്‍ അവള്‍ ഓട്ടോ പിടിച്ചാണു വന്നിരുന്നത്. ഇങ്ങിനെ സഹായിക്കുന്ന വരെ കാണാന്‍ തന്നെ വിഷമമാണ്. "
"നീ അഡ്രസിങ്ങു താ. ഇടിച്ചു കൂമ്പു കലക്കുമ്പോ അവള് പുഷ്പം പോലെ എടുത്തു തരും, കട്ട കാശൊക്കെ. "
"നിങ്ങള്‍ക്കു അറിയാഞ്ഞിട്ടാ. അവള്‍ അങ്ങിനെ ചെയ്യില്ല. രണ്ടു ചെറിയ കുട്ടികളെ വീട്ടിലിട്ടിട്ടാ അവള്‍ ഞങ്ങളെ സഹായിക്കാന്‍ വന്നിരുന്നത്. "
"അതൊക്കെ ഞങ്ങള്‍ പോലീസുകാരുടെ ഡ്യൂട്ടി. നിങ്ങള്‍ അതൊന്നും അറിയേണ്ടാ. ഭാര്യയുടെ ആഭരണം കട്ട ഭര്‍ത്താവിനെ ഞങ്ങള്‍ പിടിച്ചിട്ടുണ്ട്. ഭര്‍ത്താവിന്‍റെ പണം മോഷ്ടിച്ച ഭാര്യയേയും. പിന്നെയാ ഒരു വേലക്കാരി. ഇവറ്റയൊക്കെ അടുത്തു കൂടുന്നതും വിശ്വാസം പിടിച്ചു പറ്റുന്നതും അവസരം കിട്ടിയാല്‍ കക്കാനും പറിക്കാനും വേണ്ടിയാ. "
"ഒരു വേള അവളല്ലെങ്കില്‍.... ഞങ്ങളെ ഒരു പാട് സഹായിച്ച അവളോടിതു ചെയ്താല്‍ ദൈവം പോലും പൊറുക്കില്ല. "
"കൂമ്പു നോക്കി നാലു കീച്ചിയാല്‍ ഞങ്ങള്‍ക്കു സത്യം പിടികിട്ടും. ചെയ്തിട്ടില്ലെങ്കില്‍ തുറന്നങ്ങു വിടുക്യേം ചെയ്യും. പോരെ. "
അപ്പോഴേക്കും പോലീസുകാരന്‍ അടുത്ത വീട്ടിലെ വേലക്കാരിയേയും കൊണ്ടു എത്തി. അവളോട് നീങ്ങി നില്‍ക്കാന്‍ ഔസേപ്പ് വിരലുകൊണ്ടു കാണിച്ചു.
"എന്താഡീ നിന്‍റെ പേര്? "
"വസന്ത"
"ആകെ ഒരു കള്ളലക്ഷണമുണ്ടല്ലോ. എന്താഡീ അവടെ പേര്?"
"ആര്‌ടെ?"
"നീ ഇവരടെ തലേല്‍ കെട്ടിവെച്ച ആ കള്ള കൂത്തിച്ചീന്‍റെ പേരാ ചോദിച്ചത്." ഔസേപ്പ് എഴുന്നേറ്റ് രണ്ടടി മുന്നോട്ടു വെച്ചുകൊണ്ട് തുടര്‍ന്നു.
"നിനക്കെത്ര കാശ് കിട്ടിയെടീ?"
"അയ്യോ, പങ്കജ ചേച്ചിയോ? അവളത്തരക്കാരിയല്ല. "
"ഏതു തരമാന്നു സ്റ്റേഷനില്‍ കയറ്റുമ്പോള്‍ അറിയും. അവളെവിടാഡീ താമസിക്കുന്നത്?”
"റെയില്‍ വേ കോളനീലാ. ആട്ടോക്കാരന്‍ ആണ്ടവന്‍റെ വീട് ഏതാന്ന് ചോദിച്ചാ ആരും കാണിച്ചു തരും. ആണ്ടവന്‍റെ പെണ്ണാ അവള്"
"ഏത്? കള്ളന്‍ ആണ്ടവനാ? അവന്‍ ജയിലീന്നെറങ്ങ്യാ?" പിന്നെ ഔസേപ്പ് പോലീസുകാരനോടു പറഞ്ഞു. "ബാ, രണ്ടിനേം ഇപ്പോ തന്നെ പൊക്കണം. "
അവരിറങ്ങിയതും ഭാര്യ പറഞ്ഞു "വേണ്ടായിരുന്നു. ഞാനിന്നു എണീറ്റ് നടക്കണത് അവളുടെ ഉഴിച്ചിലിന്‍റെ കൈപ്പുണ്യം കൊണ്ടാ. നമുക്ക് വേണ്ടി ഇത്ര കഷ്ടപ്പെട്ടത്... കക്കാന്‍ വേണ്ടിയാണെന്നു പറഞ്ഞാല്‍... "
II
അടുത്ത ദിവസം ഉച്ചയോടെ ആശുപത്രിയില്‍ നിന്നും ഡോക്ടറുടെ ഫോണ്‍ വന്നതും വീണ്ടും ഇറങ്ങിയോടി. കിട്ടിയ ഓട്ടോ പിടിച്ചു സ്റ്റേഷനില്‍ എത്തി.
ഔസേപ്പ് മുറ്റത്തിട്ട ജീപ്പിന്‍റെ അടുത്ത് തന്നെ ഉണ്ടായിരുന്നു. കണ്ടപാടെ ഔസേപ്പു പറഞ്ഞു. "സമ്മതിച്ചു കേട്ടോ. കട്ടത് അവന്‍ തന്നെ. പക്ഷേ കാശൊക്കെ ആ കള്ളന്‍ പൊടിച്ചെന്നു. ഓട്ടോ വിറ്റിട്ട് തരാമെന്നാ ഇപ്പഴ് പറയണത്. "
"അല്ല, ഔസേപ്പേ, അതു... ഒരു ഓര്‍മ്മപ്പിശക്. ഡോക്ടറുടെ ഫോണ്‍ വന്നപ്പോഴാ ആശുപത്രിയില്‍ പണം അടച്ച കാര്യം ഓര്‍ത്തത്. "
"നല്ല പാര്‍ട്ടി. വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ഞാന്‍ എടുത്തിട്ട് പെരുക്കിയേനെ. ഇനി അവറ്റകളെ എന്തു ചെയ്യും?" ഒന്നാലോചിച്ച ശേഷം ഔസേപ്പ് അകത്തേക്കു നടന്നു.
അഴിവാതില്‍ തുറന്നുകൊണ്ട് ഔസേപ്പു പറഞ്ഞു. "ഈ സാറ് പറയുന്നത് കൊറേ സഹായിച്ചതല്ലേ കാശ് പോയാല്‍ പോട്ടെ കേസൊന്നും വേണ്ടെന്നാ. അതോണ്ട് നിങ്ങള്‍ ഇത്തവണ രക്ഷപ്പെട്ടു. ങും പൊക്കോ. പിന്നെ ഒാട്ടോ വിറ്റാലുടന്‍ കാശു കൊണ്ടു തന്നേക്കണം. "
ആണ്ടവനെ നേരിടാന്‍ കഴിയാതെ തിരിഞ്ഞു നിന്നു.
അപ്പോഴേക്കും പെണ്‍ സെല്ലില്‍ നിന്നു പങ്കജവും ഹാജരാക്കപ്പെട്ടു. ആണ്ടവവനു തന്‍റെ വീറ്‍ത്ത തല ഉയര്‍ത്താന്‍ തന്നെ കഴിയുന്നുണ്ടായിരുന്നില്ല.
പ്രാഞ്ചി പ്രാഞ്ചി അവര്‍ സ്റ്റേഷന്‍റെ പടിയിറങ്ങുമ്പോള്‍ മനസാലെ അവരുടെ കാലു പിടിച്ചുകൊണ്ട് പുറകേ നടന്നു.
പങ്കജത്തിന്‍റെ ചോര കല്ലിച്ച ചുണ്ടുകള്‍ ആണ്ടവനോടു പറഞ്ഞു. "ഒന്നര ലച്ചം കക്കും കക്കും ന്ന് പറഞ്ഞപ്പോ നാന് നെനച്ചത് കോപം കൊണ്ട് വെറ്‌തെ പറയ്യ്വാന്നാ. ന്ന്ട്ട് അയ് കാശ് എവടെ?"
ഒന്നും പറയാതെ ഒരു വശത്തേക്കു തൂക്കിയിട്ട തലയുമായി ആണ്ടവന്‍ വേച്ചു വേച്ചു നടക്കുമ്പോള്‍ പങ്കജം വീണ്ടും പറഞ്ഞു.
"കണ്ടാ, നാന് ഉഴിയാമ്പോയതോണ്ടാ സാറ് കേസ്സാക്കാണ്ട് വിട്ടത്. അതോണ്ടാ പറഞ്ഞത് നല്ലതു ചെയ്താല്‍ നല്ലതേ വരൂ. "
Thursday, February 5, 2009
ചക്കപ്പായസം
ദിനേശപ്പണിക്കര്‍ പള്ളിക്കൂടത്തില്‍ കൂട്ടമണി അടിച്ചതും ഇറങ്ങി നടന്നു. ആല്‍ത്തറയിലും അങ്ങാടിയിലും തങ്ങാതെ നേരെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഭവാനിയമ്മ കുളിക്കാനുള്ള ഒരുക്കത്തിലാണ്. പണിക്കരുടെ റിട്ടയര്‍മെന്‍റിനു ഇനി മാസങ്ങളേ ബാക്കിയുള്ളു എങ്കിലും പണിക്കരുടെ വിശപ്പിനു റിട്ടയര്‍മെണ്റ്റിനുള്ള ലാഞ്ചന പോലും കാണുന്നില്ലെന്നു ഭവാനിയമ്മക്കു നന്നായി അറിയാം. അതുകൊണ്ട് കുളിമുറിയിലേക്കു കയറുന്നതിനിടയില്‍ ഭവാനിയമ്മ പറഞ്ഞു "ചക്കപ്പായസം ഉണ്ടാക്കി അടുക്കളയില്‍ വെച്ചിട്ടുണ്ട്. എടുത്തു കഴിച്ചോളു. ഞാനൊന്നു മേക്കഴുകി വരാം.
" അനുസരണാ ശീലം ധാരാളം ഉള്ള പണിക്കര്‍ അടുക്കളിയിലേക്കു കയറി. കുളിമുറിയില്‍ നിന്നും നുഴഞ്ഞിറങ്ങുന്ന വാസന സോപ്പിന്‍റെ മണത്തെ അടിച്ചു പറത്തുകയാണ് അടുക്കളയില്‍ നിന്നും കുതിച്ചുയരുന്ന ചക്കപ്പായസത്തിന്‍റെ മണം. പായസം പാത്രത്തോടെ എടുത്തു തീന്‍ മേശയിലേക്കു വെച്ചു. ഗ്ളാസ് നിറച്ചെടുത്തു. പിന്നെ ഒരു സ്പൂണ്‍ വായിലിട്ടു. അറിയാതെ അല്‍പ്പം ഉച്ചത്തില്‍ത്തന്നെ പറഞ്ഞുപോയി "ഹായ്, എന്തു സ്വാദ്!"
സോപ്പു തേച്ചു കൊണ്ടിരുന്ന ഭവാനിയമ്മ പറഞ്ഞു "എത്ര മെനക്കെട്ടാ ഞാന്‍ അതു ഉണ്ടാക്ക്യേ ന്നറിയാല്ലോ. അതും സൌദാമിനിക്കു കൊണ്ടോവാന്‍ വെച്ച തടിച്ചക്കടെ. നന്നാവ്വാണ്ടിരിക്ക്വോ?"
'ശരിയാ' പണിക്കര്‍ ഓര്‍ത്തു. പ്ളാവിന്‍റെ തടിയിലുണ്ടാവുന്ന ചക്കയ്ക്കാണ് മധുരം കൂടുതല്‍. അതുകൊണ്ടാണ് എല്ലാവര്‍ഷവും വേനല്‍ അവധിക്കു കല്‍ക്കട്ടയില്‍ നിന്നും നാട്ടിലെത്താറുള്ള ഏകമകള്‍ സൌദാമിനിക്കായി അത്തരം ഒരു മുഴുത്ത ചക്ക മാറ്റി വെക്കാറുള്ളത്. സൌദാമിനി തിരിച്ചു വണ്ടി കയറുന്നതിനു മുമ്പ് അതു പഴുത്തില്ലെങ്കില്‍ കറിവെച്ചു കൊടുക്കും. അല്ലെങ്കില്‍ ഉപ്പേരി വറുത്തോ, അരച്ച് പപ്പടമുണ്ടാക്കിയോ ബാഗിലിട്ടു കല്‍ക്കട്ടക്ക് കയറ്റിവിടും. പക്ഷേ ഇത്തവണ തടിയിലുണ്ടായതു ഒരേ ഒരു ചക്ക മാത്രം. അതു അവരെ ചതിക്കുകയും ചെയ്തു. സൌദാമിനി അവധിക്കു വരുന്നതിനു ഒരാഴ്ച്ച മുമ്പേ മണം പരത്തി പഴുത്തു. അപ്പോള്‍ ഭവാനിയമ്മ കണ്ട ഉപായമാണ് ചക്ക വരട്ടി വെക്കുക. സൌദാമിനി വരുമ്പോള്‍ പായസം ഉണ്ടാക്കിക്കൊടുക്കാം. ബാക്കിയുണ്ടെങ്കില്‍ പൊതിഞ്ഞു കൊടുത്തയക്കുകയും ചെയ്യാം.
നല്ലപോലെ മുഴുത്തു പഴുത്ത ചക്കയുടെ ചുളകള്‍ അടര്‍ത്തിയെടുത്ത് കുരു മാറ്റി വലിയ ഉരുളിയിലിട്ടു ശര്‍ക്കര ചേര്‍ത്ത് മണിക്കൂറുകളോളം വേവിച്ചു. ഭവാനിയമ്മയുടെ കൈ കഴച്ചപ്പോഴൊക്കെ തവകൊണ്ട് ഇളക്കി ഇളക്കി നാരെടുക്കാന്‍ പണിക്കരും സഹായിച്ചിരുന്നു. അങ്ങിനെ കുറുക്കി കുറുക്കി അധികം ഉറപ്പില്ലാത്ത ഹല്‍വ പോലെ ചക്കവരട്ടി തയ്യാറായി. സൌദാമിനിക്കു വേണ്ടി അതു പാത്രങ്ങളില്‍ നിറച്ചു. പക്ഷേ വലിയ ചക്കയായിരുന്നതു കൊണ്ട് പിന്നേയും കുറേ ബാക്കിയായി.
വെള്ളം വറ്റിത്തുടങ്ങിയ രണ്ടു തേങ്ങകള്‍ ചിരവിയെടുത്ത തേങ്ങാപ്പാലില്‍ അതിനെ കുതിര്‍ത്തി വേവിച്ചു. ഒരു കൊട്ടത്തേങ്ങാ ഇരുനൂറായരിഞ്ഞ് നറു നെയ്യില്‍ നല്ലോണം മൂപ്പിച്ചെടുത്തു. ബാക്കിയായ നെയ്യില്‍ പൊട്ടിച്ച അണ്ടിപ്പരിപ്പും ഉണങ്ങിച്ചുങ്ങിയ മുന്തിരിങ്ങയും മൂപ്പിച്ചു ചുവപ്പിച്ചു. ഇങ്ങിനെയൊക്കെയുണ്ടാക്കിയ ചക്കപ്പായസത്തിനു സ്വാദില്ലെങ്കില്‍ പിന്നെ ഏതു പായസത്തിനാണു സ്വാദുണ്ടാവുക! കരിമ്പിന്‍റേയും തെങ്ങിന്‍റേയും പ്ളാവിന്‍റേയും മധുരരസം നിറഞ്ഞ പായസം. നല്ല മുന്തിരിത്തോപ്പുകളേയും കശുമാവിന്‍ തോപ്പുകളേയും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഓരോ സ്പൂണ്‍ പായസവും നാവിലൂടെ ഒഴുകിയിറങ്ങിയത്.
പണിക്കര്‍ പാത്രം കാലിയാക്കിയപ്പോഴാണ് ഭവാനിയമ്മ കുളിമുറിയില്‍ നിന്നും വന്നത്. പുറത്തിറങ്ങിയ പാടെ അവര്‍ തലയില്‍ കൈ വെച്ചു ചോദിച്ചു. "അതു മുഴുവന്‍ തീര്‍ത്തോ!"
"അപ്പോള്‍ നീ കഴിച്ചിട്ടില്ലായിരുന്നോ?" പണിക്കര്‍ക്കു ഭാര്യയേ ഓര്‍ത്ത് ശരിക്കും സങ്കടം തോന്നി. ഇത്രയേറെ ബുദ്ധിമുട്ടി ഉണ്ടാക്കിയ പായസം ഒന്നു വായില്‍ വെക്കാന്‍ പോലും കിട്ടിയില്ലെന്നു പറഞ്ഞാല്‍ ആര്‍ക്കായാലും സങ്കടം വരില്ലേ? പക്ഷേ ഇനി എന്തു ചെയ്യും?
അതിനിടയില്‍ അടുക്കളയില്‍ എത്തിയ ഭവാനിയമ്മ കരച്ചിലിന്‍റെ വക്കില്‍ നിന്നും അറിയാതെ സ്വയം പറഞ്ഞു. "പായസത്തിന്‍റെ പാത്രം അങ്ങന്ന്യേ ദാ ഇരിക്കൂണൂ. രാത്രീക്ക് ണ്ടാക്കിവെച്ച ഉള്ളി സാമ്പാറാണെങ്കില്‍ മുഴുവന്‍ കുടിച്ചര്‍ക്കണൂ. ദ് എന്തിന്‍റെ അസുഖാ ന്‍റെ ദൈവമേ?"
ഇതാണ് ദിനേശപ്പണിക്കരുടെ രോഗം. പായസമാണെന്നു കരുതി സാമ്പാര്‍ ആരെങ്കിലും കുടിക്കുമോ? അതും അബദ്ധത്തില്‍ ഒരു സ്പൂണല്ല. ഒരു പാത്രം നിറച്ച്. അതും പായസം കുടിക്കുന്ന അതേ ആനന്ദത്തോടെ. പായസവും സാമ്പാറും മാത്രമല്ല. പാലും മോരും, പുളിവെള്ളവും കട്ടന്‍ ചായയും, തുടങ്ങി കാര്യം ചമ്മന്തിയിലും പൂച്ചക്കാട്ടത്തിലുമെത്തി നില്‍ക്കുന്നു.
ഭക്ഷണത്തില്‍ മാത്രം പ്രശ്നം ഒതുങ്ങുന്നില്ല. മിനിഞ്ഞാന്ന് രാവിലെ സ്ക്കൂളിലേക്കു പോകാനായി അലക്കിതേച്ച വെള്ള ഷര്‍ട്ടും ഭവാനിയമ്മയുടെ വെള്ള അടിപ്പാവാടയും ധരിച്ച് പടിയിറങ്ങുന്ന പണിക്കരെ തണ്റ്റെ കണ്ണില്‍പ്പെടുത്തിയതിനു ഭവാനിയമ്മ ഇപ്പോഴും ദൈവത്തോടു നന്ദി പറയുന്നു. പാവാട മടക്കി വെക്കുമ്പോള്‍ പുതിയ മുണ്ടു വാങ്ങുന്ന കാര്യം സംസാരിച്ചതാണ് ആ അപകടത്തില്‍ കലാശിച്ചത്.
അതുപോലെ സ്ക്കൂളില്‍ കുട്ടികളുടെ ഭാവനാലോകത്ത് പലതരം പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഹെഡ് മാസ്റ്റര്‍ പറഞ്ഞത്.
മലയാള ഭാഷാ പണ്ഡിതനും പ്രമുഖ വിമര്‍ശകനുമായ പണിക്കരുടെ ഒരു വിക്രിയ കൂടി പറയുന്നതോടെ ഈ കഥ പൂര്‍ണ്ണമാവുകയാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഒരു ആനുകാലികത്തിനു വേണ്ടി വിമര്‍ശന പഠനം തയ്യാറാക്കുമ്പോള്‍ ഒരു പ്രശസ്തന്‍റെ കവിതാ സമാഹാരത്തെ കഥയായും കഥാസമാഹാരത്തെ കവിതയായും വായിച്ചാണത്രെ വിമര്‍ശനം എഴുതിയത്. എന്നാല്‍ പണിക്കര്‍ ഇപ്പോഴും പറയുന്നത് ഒന്നും മാറി പോയിട്ടില്ലെന്നാണ്.
രോഗം വ്യക്തമാക്കുന്നതോടെ കഥാകൃത്തിന്‍റെ ജോലി തീരുന്നു. മരുന്ന് കൊടുത്ത് പണിക്കരെ രക്ഷിക്കണമെന്നു ഏതെങ്കിലും വായനക്കാരനു തോന്നുന്നുണ്ടെങ്കില്‍ അതു അവര്‍ സ്വന്തം ചെലവില്‍ ചെയ്യേണ്ടതാണെന്നു കൂടി പറയുന്നതോടെ ഈ കഥ അവസാനിക്കുന്നു.
Monday, January 19, 2009
ഇസ്രായേലിനു "നാച്ചുറോപ്പതി" പഠിപ്പിക്കണം
മനുഷ്യരില്‍ മാത്രമല്ല, രാജ്യങ്ങള്‍ക്കിടയ്ക്കും ഇങ്ങിനെ തന്നെയാണു ബുദ്ധിയുടെ കളികള്‍. ഉദാഹരണത്തിനു രോഗങ്ങളുടെ കാര്യം എടുക്കം. ചില രാജ്യങ്ങള്‍ രോഗപ്രതിരോധത്തിനു മുന്‍തൂക്കം കൊടുക്കുമ്പോള്‍ മറ്റു ചിലത് രോഗം വന്നശേഷം മരുന്നു കഴിക്കുന്നു. ഇനിയും ഒരു വിഭാഗമുണ്ട്. അവര്‍ക്ക് രോഗം മാറുന്നതിനേക്കാള്‍ പ്രാധാന്യം രോഗാണു അവകാശ സംരക്ഷണമാണ്. ഇത് അറിയുന്ന വേറെ ചില രാജ്യങ്ങളാവട്ടെ രോഗാണുക്കളെ വളര്‍ത്തി മൊത്തമായും ചില്ലറയായും വിതരണം ചെയ്യുന്നുമുണ്ട്. ഇതൊക്കെ കണ്ടാലും കണ്ണടയ്ക്കാനുള്ള വിശേഷ ബുദ്ധി ചില പെരിയ രാജ്യങ്ങള്‍ക്കുണ്ട്. ഡോക്ടര്‍, പോലീസ്, ന്യായാധിപന്‍, തുടങ്ങി ഒട്ടനവധി ജോലികള്‍ ലോക നന്‍മയെ മുന്‍നിര്‍ത്തി അവര്‍ ചെയ്യുന്നുണ്ട്. രോഗാണുക്കള്‍ക്കു പൊതുവേ ഒരു തകരാറുണ്ട്. അഭിനയമാണെങ്കിലും ഇടഞ്ഞ ആന സിനിമയാണോ നാടകമാണോ എന്നൊന്നും നോക്കില്ല എന്നു ആരോ പറഞ്ഞതു പോലെ തീരെ രംഗ ബോധമില്ലാത്തെ ഒരു വര്‍ഗമാണിത്. മാത്രമല്ല, പാലു കൊടുക്കുന്ന കൈയ്ക്ക് ഒരിക്കല്‍ കടിച്ചേ അടങ്ങൂ എന്ന നിര്‍ബന്ധ ബുദ്ധിയും ഇവയ്ക്കുണ്ട്.
ഈ ബുദ്ധിക്കു മറുബുദ്ധി കണ്ട ഒരു കൊച്ചു രാജ്യമാണു ശ്രീലങ്ക. പുലിത്തലവനെ പിടിച്ചാല്‍ ഉടനടി ആ പുലിവാല് ഇന്ത്യയുടെ കൈയില്‍ പിടിപ്പിച്ചു കൊള്ളാമെന്നു അവര്‍ ആണയിട്ടിട്ടുണ്ട്. രോഗാണു അവകാശങ്ങള്‍ക്കായി കച്ചകെട്ടിയിറങ്ങിയ ഒട്ടേറെ പേര്‍ ഇവിടെയുള്ളതുകൊണ്ട് പുലിവാലിനും വലിയ പേടിയുണ്ടാകേണ്ടതില്ല. ഒരിക്കല്‍ ഇന്ത്യയൊന്നു പിടിച്ചു കിട്ടിയാല്‍ പിന്നെ കൈയെടുക്കാനാവില്ലെന്നു പുലിവാലിനു നല്ലോണം അറിയാം. വിവിധ മേഖലകളിലേക്കായി തുടരെ തുടരെ തിരഞ്ഞെടുപ്പുത്സവങ്ങള്‍ നടത്താനേ ഇവിടെ നേരം കുറവ്. പിന്നെ അഞ്ചു കൊല്ലം കൂടുമ്പോള്‍ തിരെഞ്ഞെടുപ്പ് മാമാങ്കം. ഇതൊക്കെ കഴിഞ്ഞ് പുലിവാലു ഡീല്‍ ചെയ്യാന്‍ എവിടെയാ നേരം? ആര്‍ക്കാ താല്‍പ്പര്യം? കര്‍ണ്ണന്‍ അര്‍ജുനനെ വധിക്കാന്‍ കരുതിവെച്ച വേല്‍ പോലെ വാല്‍ സുരക്ഷിതമായിരുന്നോളും. കേന്ദ്രത്തില്‍ മുപ്പത്തിയൊമ്പത് സീറ്റുകളുള്ള തമിഴ്നാടിണ്റ്റെ പുലിവാലു പോകട്ടെ ഒരു എലിവാലു പോലും തൊട്ടുകളിക്കാന്‍ ആര്‍ക്കാ ധൈര്യമുണ്ടാകുക.
ശ്രീലങ്കയുടെ ഈ അതിബുദ്ധി അറിയാന്‍ വയ്യാത്ത രാജ്യമാണ് ഇന്ത്യയെന്നു ധരിച്ചേക്കരുത്. രോഗം എത്രയേറെ കലശലായാലും ഏതു മരുന്നു വേണമെന്നു തര്‍ക്കിച്ചുകൊണ്ട് സഹനത്തിണ്റ്റെ 'നാച്ചുറോപ്പതി'യെ മുറുകെ പ്പിടിച്ച് രോഗാണുക്കളെ ബോറടിപ്പിച്ച് അവയുടെ മനോബലം തകര്‍ക്കാമെന്നു തന്നെ ഇന്ത്യ വിശ്വസിക്കുന്നു. പോരാത്തതിനു സ്വന്തം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ രോഗാണുക്കളെ വിട്ടു തരാന്‍ അവര്‍ അയല്‍ രാജ്യത്തോട് ആദ്യം ആജ്ഞാപിക്കും. പിന്നെ ആവശ്യപ്പെടും. അതിനുശേഷം അഭ്യര്‍ത്ഥിക്കും. എന്നിട്ടും ചെവിക്കൊണ്ടില്ലെങ്കില്‍ വെറുതെ ഇരിക്കുമെന്നു കരുതുന്നുണ്ടോ? നേരെ അമേരിക്കന്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി പറയും. എഴുതികൊടുത്തെന്നുമിരിക്കും. ഇത്രയൊക്കെ ആകുമ്പോഴേക്കും ഏതു രോഗാണുവിനും ബോറടിക്കും. രോഗം ബാധിച്ച അവയവം പോലും ആ രോഗവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞോളും. അതോടെ സര്‍വ്വം മംഗളം ശുഭം.
ഇപ്പോള്‍ ഇവിടെ സ്ഥിരീകരിക്കപ്പെട്ട ഒരു രോഗാണു ആണുള്ളത്. പാര്‍ലിമെണ്റ്റില്‍ നിന്നു പിടിച്ചത്. വധിക്കാന്‍ തീരുമാനമായിട്ടുണ്ട്. പക്ഷേ ആരു എപ്പോള്‍ വധിക്കുമെന്നു തീരുമാനിച്ചിട്ടില്ല. അതു തീരുമാനിക്കപ്പെടുന്നതുവരെ ആ രോഗാണു രോഗാണു അവകാശ സംരക്ഷകരുടെ നിതാന്ത വീക്ഷണത്തില്‍ സര്‍ക്കാര്‍ ചെലവില്‍ സസുഖം വാഴും. ഓരോ ഗവണ്‍മെണ്റ്റും അടുത്ത സര്‍ക്കാറിനായി ആ കാളകൂട വിഷം മാറ്റി വെക്കും. ആരും ഒന്നും ചെയ്യില്ലെന്നു രോഗാണുവിനറിയാം. അങ്ങിനെ ചെയ്താല്‍ "വാ" വട്ടമുള്ള ഒരു തമിഴ് നാടല്ല, ഇന്ത്യയിലെ മൊത്തം വോട്ട് ബാങ്കുകള്‍ തങ്ങളെ എന്നേക്കുമായി എഴുതിത്തള്ളുമെന്നു അറിയാനുള്ള കേവലബുദ്ധി എല്ലാ ഗവണ്‍മെണ്റ്റുകള്‍ക്കുമുണ്ട്. തന്നെ കുത്താനുള്ള കത്തി ഏതെങ്കിലും കൊല്ലന്‍ സ്വമേധയാ പണിയുമോ?
അപ്പോള്‍ പിന്നെ സാദ്ധ്യത വാര്‍ദ്ധക്യസഹജമായ മരണത്തിനാണ്. അല്ലെങ്കില്‍ വിദേശകാര്യമന്ത്രി പോക്കറ്റ് നിറയെ പണവും കൊടുത്ത് വിമാനത്തില്‍ ദൂരെ എവിടേയെങ്കിലും കൊണ്ടുചെന്ന് കളയണം. അപ്പോഴേക്കും വേറെ ചില രോഗാണുക്കളെ ഇവിടെ കരുതി വെക്കേണ്ടേ? അതല്ലെങ്കില്‍ പണിയും ത്വരവുമില്ലാതെ നിരങ്ങുന്ന രോഗാണു അവകാശ സംരക്ഷകര്‍ അബദ്ധത്തില്‍ വേണ്ടാതിടങ്ങളിലേക്കു കയറിയെന്നു വരും. അതൊഴിവാക്കാനാണ് പാക്കിസ്ഥാനിലേക്കു പുതിയ ഇരുപത് എണ്ണത്തിനായി ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത്.
എന്നാല്‍ രോഗ പ്രതിരോധത്തില്‍ വിശ്വസിക്കുന്ന ഒരു കൊച്ചു രാജ്യമാണ് ഇസ്രായേല്‍. ഇന്നു ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന ആ രാജ്യത്തിലേക്കു നമുക്കും ഒന്നു ചുഴിഞ്ഞു നോക്കാം.
ഗര്‍ഭാവസ്ഥക്കു മുന്‍പു തന്നെ ഇത്രയും പീഡനങ്ങള്‍ അനുഭവിച്ച മറ്റൊരു അബലയില്ലെന്നു ചരിത്രം പറയുന്നു. നാസികള്‍ അവരെ കൂട്ടമായി പിടിച്ച് ഗ്യാസിലിട്ടു വേവിച്ചു. ലക്ഷങ്ങള്‍ ചത്തു പോയെങ്കിലും വിത്തു ഗുണമുള്ള ഒത്തിരി പിന്നേയും ബാക്കിയായി. ഡാര്‍വിന്‍ പറഞ്ഞതുപോലെ തന്നെ - സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്.
ലോകയുദ്ധത്തിനുശേഷം പശ്ചിമേഷ്യയുടെ പാലസ്തീന്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ കൊള്ളയടിക്കാനുള്ള അവകാശം തുര്‍ക്കിയെ തകര്‍ത്ത് ബ്രിട്ടന്‍ നേടിയിരുന്നു. 'പോകുന്ന പോക്കില്‍ ഒരു വെട്ടും കൂടെ' എന്ന തങ്ങളുടെ നയം നാല്‍പ്പത്തിയേഴില്‍ വിജയകരമായി ഇന്ത്യയില്‍ നടപ്പിലാക്കിയതിണ്റ്റെ പശ്ചാത്തലത്തില്‍ നാല്‍പ്പത്തിയെട്ട് മേയ് പതിനഞ്ചിനു അവിടേയും ചെയ്യാനായിരുന്നു ബ്രിട്ടണ്റ്റെ പദ്ധതി. വെട്ടൊന്നിനു മുറി മാത്രമല്ല മുറിവും രണ്ടാണെന്നു ബ്രിട്ടനു നന്നായി അറിയാം. മുറിവുണ്ടായാല്‍ രോഗാണു ബാധ ഉണ്ടാകും. അതോടെ മരുന്നിണ്റ്റെ ആവശ്യം വരും. പിന്നെ മരുന്നു വിറ്റ് ശിഷ്ടകാലവും കൊള്ള തുടരാം. ഇതിനെയാണു വെടിമരുന്നു ബുദ്ധി എന്നു പറയുന്നത്.
പക്ഷേ ഓടുന്ന ബ്രിട്ടണ്റ്റെ ഒരു ദിവസം മുന്നിലായി ഇസ്രായേല്‍ സ്വയം വെട്ടി സ്വാതന്ത്യ്രം തെളിയിച്ചു. രക്തം കണ്ട് കൊതി പൂണ്ട കഴുതപ്പുലികളെപ്പോലെ ചുറ്റിലുമുള്ള അറബി രാജ്യങ്ങള്‍ ആ മുറിവിലേക്കു ചാടി വീണു. ഇസ്രായേലിനെ കടിക്കാനും പാലസ്തീനിനെ നക്കാനുമായി എത്തിയത് ഈജിപ്ത്, സിറിയ, ഇറാഖ്, ജോര്‍ഡാന്‍, സൌദി എന്നീ രാജ്യങ്ങളായിരുന്നു. ഇസ്രായേലിനെ കടിക്കാനുള്ള പല്ലുറപ്പില്ലെന്നു മനസിലാക്കാനുള്ള ബുദ്ധി ഈജിപ്തിനും ജോര്‍ഡാനുമാണ് ആദ്യം ഉണ്ടായത്. അതോടെ അവര്‍ യഥാക്രമം പാലസ്തീനിണ്റ്റെ ഗാസയും വെസ്റ്റ് ബാങ്കും കടിച്ചെടുക്കുകയും ചെയ്തു.
ഇറച്ചി കണ്ടിടത്തു കടിക്കാന്‍ വെമ്പി നില്‍ക്കുന്ന കഴുതപ്പുലികളാണ് ചുറ്റിലുമെന്ന് അറിയാതിരിക്കാന്‍ ഇന്ത്യയല്ലല്ലോ ഇസ്രേയേല്‍. അവര്‍ പെരിയ ഡോക്ടര്‍മാരില്‍ നിന്നും കിട്ടാവുന്നിടത്തോളം മരുന്നു ശേഖരിച്ചു തുടങ്ങി. മൊത്തമായും ചില്ലറയായും റിഡക്ഷന്‍ സെയിലിലും ഒക്കെ വാങ്ങിക്കൂട്ടി. ഉള്ള രോഗങ്ങള്‍ക്കും ഉണ്ടാകാനിടയുള്ള രോഗങ്ങള്‍ക്കും ഒക്കെ.
അതോടെ ഒരിക്കല്‍ തങ്ങളുടെ ശരീര ഭാഗങ്ങളായിരുന്ന ഗാസയും വെസ്റ്റ് ബാങ്കും മറ്റു രാജ്യങ്ങള്‍ പിടിച്ചടക്കി വെച്ചിരുന്നത് അവര്‍ക്കു ദഹിച്ചില്ല. തല്ലിപ്പിരിഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ അന്യം നിന്നാലും പഴയ തറവാട്ടു വീട്ടിലേക്കു തിരിഞ്ഞു നോക്കരുത് എന്ന ചൊല്ലു അവര്‍ കേള്‍ക്കാതെ പോയി. മാത്രമല്ല, ബ്രിട്ടണ്റ്റെ വെട്ടിണ്റ്റെ ഒരു സവിശേഷ ഗുണം അറിയാനുള്ള ബുദ്ധിയും അവര്‍ക്കു ഇല്ലാതെ പോയി. എവിട്‌ക്കു ചേര്‍ന്നാലും ശരി, വെട്ടിയ ഭാഗത്തേക്കു തിരിച്ചു ചേരാത്ത രീതിയിലാണു ബ്രിട്ടന്‍ വെട്ടാറ്. അഥവാ ആരെങ്കിലും ബലമായി ചേര്‍ത്തു വെച്ചാലോ എപ്പോഴും അവിടെ പുണ്ണു പഴുത്ത് ചൊറിഞ്ഞു കൊണ്ടിരിക്കും.
എങ്കിലും തൊണ്ണൂറ്റി മൂന്നു സപ്തമ്പര്‍ പതിമൂന്നിനു ഓസ്ളോ ഔഷധം പുരട്ടിയതോടെ പുണ്ണു കരിയുന്നു എന്നു തോന്നിച്ചതാണ്. പക്ഷേ തൊണ്ണുറ്റിയഞ്ചു നവമ്പര്‍ നാലിനു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ജീവനില്‍ കത്തികേറ്റിക്കൊണ്ട് കൂടുന്നമുറിവ് ഇളക്കാന്‍ പാലസ്തീന്‍ തീവ്രവാദികള്‍ക്കു കഴിഞ്ഞു. തൊണ്ണുറ്റി ആറ് മാര്‍ച്ച് മാസത്തോടെ നിരവധി ചാവേര്‍ ആക്രമണങ്ങളിലൂടെ ഹമാസ് പുണ്ണു മാന്തി ക്യാന്‍സറാക്കുന്നതില്‍ വിജയിച്ചു.
ഇതിനകം ഇസ്രായേലാകട്ടെ ചികിത്സയും മരുന്നു വില്‍പ്പനയുമുള്ള ഒരു കൊച്ചു ഡോക്ടറായി മാറിക്കഴിഞ്ഞിരുന്നു. അവര്‍ ശക്തമായ ഡോസില്‍ ആണ്റ്റീ ബയോട്ടിക്കുകള്‍ പ്രയോഗിച്ചു തുടങ്ങി. അതു അങ്ങിനെയല്ലേ വരൂ. ഒരു ഗ്രാമീണനു ചെറിയ മുറിവു പറ്റിയാല്‍ അവന്‍ ചിലപ്പോള്‍ കൊട്ടപ്പാലു തേച്ചു കെട്ടും. പൊള്ളിയാല്‍ തുളസിച്ചാറൊഴിക്കും. അല്ലെങ്കില്‍ മഷി. എന്നുവെച്ച് അലമാറ നിറയെ മരുന്നുകള്‍ അടുക്കിവെച്ചിരിക്കുന്ന ഡോക്ടറും കൊട്ടപ്പാല്‍ തിരഞ്ഞുപോകണമെന്നു ശഠിക്കാമോ?
'ബോംബുണ്ടാക്കുന്നത് പൊട്ടിക്കാനാണെന്ന്' ഒരു സിനിമയില്‍ കേട്ടിട്ടുണ്ട്. ഹമാസും ഇസ്രായേലികളും അതു കേട്ടിട്ടുണ്ടെന്നു കരുതണം. അതില്‍ നിന്നൊരു പടി കൂടെ മുന്നോട്ടു ഹമാസ് ചിന്തിച്ചു പോയിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാനൊക്കുമോ? കച്ചവടക്കാരനു വില്‍പ്പനയെന്ന പോലെ, ഡോക്ടര്‍ക്കു ചികിത്സയെന്ന പോലെ ബുദ്ധിജീവികള്‍ക്കു പുത്തന്‍ ചിന്തകള്‍ ഒഴിച്ചു കൂടാനാവാത്തതല്ലേ? എന്തിനാ ഫത്തക്കു പകരമായി ഹമാസ് ഉണ്ടാക്കിയത്?? അവര്‍ മൊട്ടു സൂചി റോക്കറ്റുകള്‍ വാങ്ങി 'എത്തുന്നോടത്ത്' കുത്തിക്കൊണ്ടിരുന്നു.
ഇസ്രായേലികള്‍ മൊട്ടു സൂചിയെ ഉലക്കകൊണ്ട് നേരിട്ടു. ഹമാസ് ന്യായമായും ചോദിച്ചു? ഇതേത് യുദ്ധനീതി? ലോകമെമ്പാടുമുള്ള റഫറിമാരും കാണികളും അവരോടു യോജിച്ചു. കളിയില്‍ ഇസ്രായേല്‍ സ്പോര്‍ട്ട്സുമാന്‍ സ്പിരിറ്റ് പാലിക്കണം. ഞങ്ങളുടെ കൈയില്‍ മൊട്ടുസൂചി ഇല്ല, ഉലക്കയേ ഉള്ളു എന്നു ഇസ്രായേല്‍. കളിക്കാരന്‍ കളി നിര്‍ത്തി പിന്നെന്തു ചെയ്യുമെന്ന് ഹമാസ്? ആര്‍ക്കും ഉത്തരമില്ല. ഗുരു ഡോക്ടര്‍ക്കാവട്ടെ ഇത്തരം കളികളിലൊന്നും താല്‍പ്പര്യമേ ഇല്ല. ദൂരദേശങ്ങളില്‍ ചെന്നു കളിക്കുമ്പോഴേ കളിയാകൂ എന്നാണു മൂപ്പരുടെ മതം. എന്തായാലും ശിഷ്യന്‍ കളി പഠിക്കുകയല്ലേ, തടഞ്ഞിട്ടെന്തു കിട്ടാനാ? എന്തു ചെയ്താലും മരുമകന്‍ സിഗറരറ്റ് വലി ഉപേക്ഷിക്കില്ലെന്നു അറിയാവുന്ന അമ്മാവനു ബുദ്ധിയുണ്ടെങ്കില്‍ വലി നിര്‍ത്താന്‍ മരുമകനോട് പരസ്യമായി പറയുമോ?
എന്നാല്‍ ഹമാസിനറിയില്ലേ കൂടുതല്‍ നല്ല കളികള്‍. അവര്‍ സ്ക്കൂളുകളിലും ആശുപത്രികളിലും കയറി ഇസ്രായേലിലേക്കു മൊട്ടുസൂചികള്‍ എറിഞ്ഞു. സ്ക്കൂളാണെന്നു കരുതി മിണ്ടാതിരിക്കാനൊക്കുമോ. ഇസ്രായേലികള്‍ തിരിച്ചെറിഞ്ഞു. മൊട്ടുസൂചിയല്ല, ഉലക്കതന്നെ. മരിച്ചു കിടക്കുന്ന കുട്ടികളുടെ ദയനീയ ചിത്രങ്ങള്‍ വെറുതെ കളയാനുള്ളതാണോ? അതെല്ലാം അപ്പോഴപ്പോള്‍ ഒപ്പിയെടുത്ത് കാണികള്‍ക്കും റഫറിമാര്‍ക്കും കൈമാറാനുള്ള അവസരമുണ്ടാക്കാന്‍ ഹമാസ് മറന്നില്ല. മക്കള്‍ മരിച്ചാലെന്താ... അല്ല, അവര്‍ മരിക്കാനുള്ളതാണല്ലോ. എല്ലാ യുദ്ധങ്ങളിലും അങ്ങിനെയല്ലേ സംഭവിച്ചിട്ടുള്ളു. ചരിത്രത്തിലിന്നോളം. യുദ്ധത്തിണ്റ്റെ മുഴുവന്‍ വിലയും കൊടുക്കാറുള്ളത് സാധാരണ ജനങ്ങളാണ്. ഇരു പക്ഷത്തേയും നിഷ്ക്കളങ്കരായ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സാധാരണ ജനത. ജയിച്ചാലും തോറ്റാലും. യുദ്ധവെറിയന്‍മാരായ നേതാക്കളാവട്ടെ വിജയം അവകാശപ്പെടാനും ആഘോഷിക്കാനും മാത്രമുള്ളവര്‍. സമ്പൂര്‍ണ്ണ പരാജയമാണെങ്കില്‍ ബന്ധുവീട്ടിലേക്ക് പാലായനം ചെയ്ത് അവിടെ യിരുന്നു നാവുപയറ്റ് തുടരും. ആര്‍ക്കാ ഇതൊക്കെ അറിയാത്തത്? അത്തരം സംഭ്രമ ജനകമായ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നവരേയും പഴി ചാരുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ക്കും ജീവിച്ചു പോണ്ടേ?
പക്ഷേ ഒരു ആശ്വാസമുണ്ട്. റാമ്പില്‍ തുണിയഴിയുന്ന സംസ്ക്കാരരാഹിത്യത്തില്‍ രോഷം പൂണ്ട് മാലോകര്‍ക്കെല്ലാം മനപ്പാഠമാകുന്നതു വരെ ആഴ്ച്ചകളോളം ഒരു അര്‍ദ്ധ നഗ്ന സുന്ദരിയെ നാഴികക്കു നാലുവട്ടമെന്ന തോതില്‍ ഇരുപത്തിരണ്ടു ഇഞ്ച് സ്ക്ക്രീനില്‍ അച്ചാലും പിച്ചാലും നടത്തിയ ചാനലുകള്‍ക്ക് (ചുരുങ്ങിയത് വടക്കേ ഇന്ത്യയിലെങ്കിലും) ഇതിലൊന്നും കഴമ്പുള്ള ഒരു വാര്‍ത്തയും കണ്ടില്ല. പത്രങ്ങളും തഥൈവ. മരണ സംഖ്യയുടെ അനുപാതം തൂക്കി നോക്കി ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, തുടങ്ങിയ വാര്‍ത്തകളോടൊപ്പം ഉള്ളറകളില്‍ അല്‍പ്പാല്‍പ്പം വിളമ്പുന്നു. അതൊക്കെ കണ്ടശേഷം ഒരു മലയാളം പത്രമെടുത്താല്‍ പൊതുവിജ്ഞാനത്തില്‍ ഒരുവിധം പരിജ്ഞാനമുള്ള മലയാളി പോലും ഒരു വേള സംശയിച്ചു പോകും, ഈ ഗാസയെന്നു പറയുന്നത് കാസര്‍കോഡിനും തിരുവനന്തപുരത്തിനും ഇടയില്‍ എവിടെയോ ആണെന്നു.
ഇതൊക്കെ അടിവരയിടുന്നത് ആ പഴയ ചൊല്ലു തന്നെ, മുറി വൈദ്യന്‍ ആളെ കൊല്ലും. ആളെ മാത്രമല്ല, തന്നെ തന്നേയും. എന്തെങ്കിലും പഠിക്കുന്നെങ്കില്‍ മുഴുവന്‍ പഠിക്കണം. അല്ലെങ്കില്‍ തുടക്കത്തില്‍ പറഞ്ഞ ആ ബുദ്ധിജീവികളുടെ ഗതിയാവും വന്നു പെടുക. ഒളിയുദ്ധത്തില്‍ ഹമാസിണ്റ്റെ കോളേജില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ നേടി വന്ന പുലികള്‍ എലികള്‍ ആയി മാറിയതും ഇക്കാരണത്താലാണ്. അല്ലായിരുന്നെങ്കില്‍ ജാഫ്നയല്ല, ശ്രീലങ്ക മൊത്തം പോയാലെന്താ. പുലി വാര്‍ത്തകള്‍ പിന്‍ പേജില്‍ നിന്നും പ്രമോഷന്‍ നേടി മുന്‍ പേജുകളില്‍ ഇടം കണ്ടെത്തുമായിരുന്നു. അതിലൂടെ ചിന്തിക്കുന്ന ജനത്തിണ്റ്റെ ഹൃദയത്തില്‍ ഇടം നേടുമായിരുന്നു. ഒരു തമിഴന്‍റെ ചിന്തകളിലേക്കു മാത്രമായി ഒതുങ്ങില്ലായിരുന്നു. ഒരു വെടിക്കു രണ്ടു പക്ഷിയല്ല ബുദ്ധിയുടെ ലക്ഷണം. ഒരു വെടിക്കു പല പക്ഷികളുമല്ല. ഒറ്റ വെടി പോലും വെക്കാതെ എണ്ണമറ്റ പക്ഷികളാണ്. ഇനിയും മനസിലായില്ലെങ്കില്‍ 'ഡോക്ടറോട് ചോദിക്കുക'.
എന്തൊക്കെയായാലും എങ്ങിനെയൊക്കെ ആയാലും വെള്ള ഫോസ്ഫറസിണ്റ്റെ നരക വടി എടുത്തതോടെ ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും കൊടിയ ക്രൂരന്‍മാരായ ഹിറ്റ്ലര്‍, പോള്‍ പോട്ട്, ട്രൂമാന്‍, സ്റ്റാലിന്‍, ഇദി അമീന്‍, സദ്ദാം തുടങ്ങിയവരെയൊക്കെ വെല്ലുവിളിച്ചു കൊണ്ട് മുന്‍നിരയിലെത്തുകയാണ്. ഏത് വടികൊണ്ട് പണ്ട് കൊണ്ടോ അതേ വടിയുമായി അവര്‍ നില്‍ക്കുന്നു. മുന്നിലോ കൊച്ചു കുട്ടികളും.
അതേ സമയം ഇന്ത്യക്കും ചിലതു ചെയ്യാനുണ്ട്. ഇന്ത്യയുടെ കടുത്ത മീശവിറപ്പിക്കല്‍ ഒന്നു കണേണ്ട താമസമേ ഉള്ളൂ, ഇസ്രായേല്‍ അടിയും വെടിയും നിര്‍ത്തി പാലസ്തീന്‍ അടിയറവെക്കും എന്നു സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാം. എന്നാല്‍ അതല്ലാതെ മറ്റൊരു ശ്രേഷ്ഠമായ വഴി നമ്മള്‍ പിന്തുടരുന്നില്ല? സ്നേഹത്തിണ്റ്റേയും മൈത്രിയുടേയും ആ വഴിയല്ലേ നാം ഇസ്രായേലിനും പഠിപ്പിച്ചു കൊണ്ടുക്കേണ്ടത്? അതുകൊണ്ട് ഇസ്രായേലുമായി എല്ലാ ബന്ധങ്ങളും നിര്‍ത്തി വെക്കുന്നതിനും വെറുക്കുന്നതിനും പകരം അവരെ ഇങ്ങോട്ടു ക്ഷണിക്കണം. രോഗാണുക്കളെ സഹിച്ചും പൂജിച്ചും ബോറടിപ്പിക്കുന്ന ആ "നാച്ചുറോപ്പതി" ഒന്നു പരിശീലിപ്പിക്കണം. എങ്ങിനെ ചൂടന്‍ കത്തുകളെഴുതി ലോകവ്യാപകമായി വിതരണം ചെയ്യാമെന്നും.